കാട്ടുപന്നിപ്പേടിയിൽ ഈ പുഴയോര ഗ്രാമം
നീലേശ്വരം: മുൻകാലങ്ങളിലൊന്നുമില്ലാത്ത തരത്തിൽ പുതിയൊരു ശത്രുവാണ് തേജസ്വിനി തീരത്തെ പാലായി ഗ്രാമത്തിലെ കർഷകരെ ഇപ്പോൾ അലട്ടുന്നത്. സാധാരണനിലയിൽ തീരദേശഗ്രാമങ്ങളിൽ കണ്ടുവരാത്ത കാട്ടുപന്നിക്കൂട്ടം. പത്തോളം വരുന്ന പന്നികളുടെ സംഘം വയലുകളാൽ സമ്പന്നമായ ഗ്രാമത്തിന്റെ സ്വൈരം കെടുത്തുകയാണ്.
രാത്രി കാലങ്ങളിൽ വയലുകളിലും പറമ്പുകളിലും വന്ന് കാർഷിക വിളകൾ നശിപ്പിക്കുകയാണിവ. 70 ഏക്കറോളംവരുന്ന വയലിലെ വിളവെടുക്കാനായ നെല്ല് പന്നികൾ കുത്തിനശിപ്പിച്ചു. അതു പോലെ പറമ്പുകളിലുള്ള നേന്ത്രവാഴ, കപ്പ, കവുങ്ങിൻതൈ എന്നിവയും നശിപ്പിക്കുകയാണ്. കാർഷിക വിളകൾ വിളവെടുക്കാനായ ഈ സമയത്ത് നശിപ്പിക്കുന്നത് കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.
പ്രഭാത സവാരിക്കാരെയും പന്നികൾ വെറുതെ വിടുന്നില്ല. പിന്തുടർന്ന് അക്രമിക്കാൻ ശ്രമിക്കുന്ന ഇവയെ പേടിച്ച് പലരും പ്രഭാതസവാരി നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു പന്നി ആൾമറയില്ലാത്ത കിണറ്റിൽ വീണിരുന്നു.
കാട്ടുപന്നികളെ വെടിവെച്ചിടാൻ സർക്കാർ അനുമതി ഉണ്ടെങ്കിലും തോക്കും ലൈസൻസും ഉള്ളവർ ഈ ഗ്രാമത്തിലില്ല. രാത്രികാലങ്ങളിൽ ഫോറസ്റ്റധികൃതർക്കും ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമാണ്. പന്നിപ്പേടിയിൽ പാലായി ഗ്രാമവാസികൾ കഴിയുമ്പോഴും തങ്ങളുടെ വിളകളുടെ നഷ്ടം എങ്ങിനെ സഹിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
വിളവെടുക്കാനായ ഈ സമയത്ത് പന്നികൾ നശിപ്പിക്കുന്നതിനാൽ നെല്ലും വൈക്കോലും കിട്ടാത്ത അവസ്ഥയാണ്. പന്നികളുടെ ആക്രമണം പാലായിയിൽ ആദ്യമായിട്ടാണ്.
കർഷകൻ തോട്ടത്തിൽ അമ്പാടി