മംഗലം ഡാം ആദിവാസി കോളനിയിൽ തരിശായി കിടക്കുന്നത് 70 ഏക്കറോളം ഭൂമി

Wednesday 06 October 2021 12:29 AM IST

മംഗലംഡാം: ലോക പരിസ്ഥിതി ദിനങ്ങൾ നിരവധി കടന്നുപോയെങ്കിലും മംഗലം ഡാമിന് അടുത്തുള്ള കവിളുപ്പാറ ആദിവാസി കോളനിയിൽ തരിശായി കിടക്കുന്നത് 70 ഏക്കറോളം ഫലഭൂയിഷ്ടമായ ഭൂമി. 37 ആദിവാസി കുടുംബങ്ങളും മറ്റ് വിഭാഗങ്ങളുടെ മൂന്ന് കുടുംബങ്ങളുമുള്ള കോളനിയിൽ വിരലിലെണ്ണാവുന്ന വീടുകൾക്കുചുറ്റുമാണ് കുറച്ചെങ്കിലും പച്ചക്കറി പോലുമുള്ളത്. മറ്റ് ഭൂപ്രദേശങ്ങളെല്ലാം പൊന്തക്കാട് കയറി പാഴായികിടക്കുകയാണ്.

കോളനിയെ ഫലവൃക്ഷങ്ങൾ കൊണ്ട് ഹരിതവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പൻ കൃഷ്ണൻ നിരവധിതവണ പട്ടികവർഗ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഒരു ചെടി പോലും ഇതുവരെ കിട്ടിയില്ല. കുരുമുളക്, കവുങ്ങ്, തെങ്ങ്, റബർ, വാഴ, പേര, നെല്ലി തുടങ്ങിയവയെല്ലാം കൃഷി ചെയ്യാവുന്ന ഭൂമിയാണ് ഇത്തരത്തിൽ കാടുപിടിച്ചു കിടക്കുന്നത്.

ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട പട്ടികവർഗ വകുപ്പ് തങ്ങളെ അവഗണിക്കുകയാണെന്നാണ് കോളനിക്കാരുടെ ആക്ഷേപം. മറ്റു കോളനികളിലെല്ലാം ട്രസ്റ്റുകൾ, വനം വകുപ്പ്, സന്നദ്ധ സംഘടനകൾ, പഞ്ചായത്ത്, പട്ടികവർഗ വകുപ്പ് എന്നിവ നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഇവിടെ മാത്രം ഒന്നുമില്ല. 30 സെന്റ് മുതൽ രണ്ടര ഏക്കറും അതിൽ കൂടുതലും ഭൂമി ഇവിടെ ഓരോരുത്തർക്കുമുണ്ട്. എന്നാൽ ഭക്ഷ്യയോഗ്യമായ യാതൊരുവിളകളുമില്ല.

കോവയ്ക്ക, ഫാഷൻ ഫ്രൂട്ട് തുടങ്ങിയ വള്ളിചെടികൾ യഥേഷ്ടം ഇവിടെ വളരും. മഴക്കാലത്തിനു മുമ്പേ മണ്ണിളക്കി കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, ചീര, തക്കാളി തുടങ്ങിയ പച്ചക്കറി വിത്തെങ്കിലും വിതറിയാൽ മൂന്നുമാസം കൊണ്ട് വിളവുണ്ടായി വരുമാനമാകും. പാഴ്മരങ്ങളും മറ്റുമായി നിരവധി മരങ്ങൾ താമസസ്ഥലത്തിനു ചുറ്റുമുണ്ട്. അതിലെല്ലാം കുരുമുളകുകൊടി നട്ടുപിടിപ്പിച്ചാൽ രണ്ടുവർഷംകൊണ്ട് നല്ല വരുമാനം കണ്ടെത്താനാകും.

-ഹരിതഭൂമിയാക്കാം

കിഴക്കഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ടതാണ് ഡാമിൽ നിന്നും പത്തു കിലോമീറ്ററോളം ദൂരമുള്ള മലയിലെ കവിളുപ്പാറ കോളനി. കോളനിയിൽ പകുതിയിലേറെ കുടുംബങ്ങളും ഇപ്പോഴും കഴിയുന്നത് പ്ലാസ്റ്റിക് ചാക്കുകൾ വലിച്ചുകെട്ടിയ കൂരകളിലാണ്. കോളനിക്കാരുടെ ഉന്നമനത്തിനെന്ന് പറഞ്ഞ് നാലുവർഷം മുമ്പ് പട്ടികവർഗ വകുപ്പ് ആടുമാടുകളെ വിതരണം ചെയ്തിരുന്നു. ഗുണമേന്മ കുറഞ്ഞതും അനാരോഗ്യവുംമൂലം അവക്കൊന്നിനും ദീർഘായുസുണ്ടായില്ല. എല്ലാം ചത്തൊടുങ്ങി. എന്നാൽ കന്നുകാലി കൃഷിയിൽ ഇടനിലക്കാർ പണമുണ്ടാക്കി. തരിശായി കിടക്കുന്ന ഇത്രയും ഭൂമിയിൽ ഏതെങ്കിലും സംഘടനകളുടെ സഹായത്തോടെ കോളനിയെ ഫലവൃക്ഷങ്ങളുടെ ഹരിതഭൂമിയാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.