ജി.എസ്.ടി വിഹിതം മുഴുവൻ ലഭിച്ചില്ല

Wednesday 06 October 2021 12:00 AM IST

തിരുവനന്തപുരം : സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകേണ്ട ജി.എസ്.ടി വിഹിതം മുഴുവനും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. 2017-18 ലെ 57.32 കോടിയും 2018-19 ലെ 25.79 കോടിയും ലഭിക്കാനുണ്ട്. 2020-21ൽ നഷ്ട പരിഹാരത്തിലും കുറഞ്ഞ തുകയാണ് കോമ്പൻസേഷൻ സെസ്സ് വഴി ലഭിച്ചത്.

കലാകാരന്മാർക്ക്

സഹകരണ സംഘം

കലാകാരന്മാരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

കൊവിഡിന്റെ

പ്രത്യാഘാതം

കൊവിഡ് വ്യാപനം സംസ്ഥാനത്തിന് ഏൽപിച്ച സാമൂഹ്യ പ്രത്യാഘാതവും അതിനെ നേരിടാൻ മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും കൈക്കൊണ്ട നടപടികളും പഠിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

കിറ്റുകളിലെ

ഖാദി മാസ്ക്

റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ കിറ്റുകളിലെ ഖാദി മാസ്കുകൾ നിലവാരം കുറഞ്ഞതാണെന്ന പരാതിയിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഴിമതി ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല

ഇലക്ട്രിക് പോസ്റ്റുകൾ

വഴി 186.08 കോടി

കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ സ്വകാര്യ കേബിൾ ഓപ്പറേറ്റർമാർക്ക് നൽകിയതു വഴി അഞ്ചു വർഷത്തിനിടെ ലഭിച്ചത് 186.08 കോടിയെന്ന് മന്ത്രി കെ. കൃഷ്‌ണകുട്ടി പറഞ്ഞു.. വൈദ്യുതാഘാതമേറ്റ് മരണപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് രണ്ടു ലക്ഷം രൂപയും അംഗവൈകല്യത്തിന്റെ ശതമാനത്തിന് ആനുപാതികമായി പരമാവധി രണ്ടു ലക്ഷം വരെയും

നഷ്ട പരിഹാരം അനുവദിക്കും.