പഴയ വാഹന രജിസ്ട്രേഷൻ പുതുക്കാൻ നിരക്ക് എട്ടിരട്ടി

Wednesday 06 October 2021 12:30 AM IST

ന്യൂഡൽഹി: പഴയ വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കാനുള്ള പൊളിക്കൽ നിയമത്തിന്റെ ഭാഗമായി 2022 ഏപ്രിൽ മുതൽ 15 വർഷത്തിനു മുകളിൽ പഴക്കമുള്ളവയുടെ രജിസ്ട്രേഷൻ പുതുക്കൽ നിരക്കുകൾ എട്ടിരട്ടി വരെ വർദ്ധിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.കാറുകൾക്കും ജീപ്പുകൾക്കും ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കുമാണ് നിരക്ക് വർദ്ധന കൂടുതൽ.

ട്രക്കുകളും ബസുകളും അടക്കം കൊമേഴ്സ്യൽ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിനുള്ള നിരക്കുകളും കുത്തനെ കൂട്ടി.

സ്വകാര്യ വാഹനങ്ങൾ രജിസ്‌ട്രേഷൻ പുതുക്കാൻ വൈകിയാൽ മാസം 300 രൂപയും വാണിജ്യ വാഹനങ്ങൾക്ക് 500രൂപയും പിഴ ഈടാക്കും. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാത്ത വാണിജ്യ വാഹനങ്ങൾക്ക് പ്രതിദിനം 50 രൂപ പിഴ.

15 വർഷം കഴിഞ്ഞാൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ അഞ്ചു വർഷം കൂടുമ്പോൾ പുതുക്കണം. എട്ടു വർഷം കഴിഞ്ഞാൽ കൊമേഴ്സ്യൽ വാഹനങ്ങൾ എല്ലാ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കണം. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ചിട്ടുള്ള ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഉത്തരവ് ബാധകമാകുക.

അടുത്ത ഏപ്രിൽ മുതൽ

രജി. പുതുക്കൽ നിരക്ക്

(ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)

ബൈക്ക് : ₹1000 (300)

ത്രീവീലർ : ₹2500 (600)

കാർ/ജീപ്പ് : ₹5000 (600)

ഇറക്കുമതി ചെയ്‌തവ : ₹40000 (5000)

കൊമേഴ്സ്യൽ വാഹനങ്ങളുടെ

രജി​./ഫിറ്റ്‌നസ് ഫീസ്

ബൈക്ക് : ₹1000 (500)

മുച്ചക്രം : ₹3500 (1000)

ടാക്‌സി : ₹7000 (1000)

ചെറുകിട ചരക്ക്/യാത്രാവാഹനം : ₹10000 (1300)

വലിയ ചരക്ക്/യാത്രാ വാഹനം : ₹12500 (1500)

Advertisement
Advertisement