പുരാവസ്തു കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം:കെ.സുരേന്ദ്രൻ
നാദാപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിന് മുഴുവൻ ഒത്താശയും ചെയ്തത് സംസ്ഥാന സർക്കാരും പൊലീസുമാണെന്നിരിക്കെ കേസന്വേഷണം കേന്ദ്ര ഏജൻസിയ്ക്ക് വിടേണ്ടതുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസി കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ നടക്കുന്നത് ശരിയായ ആചാരാനുഷ്ഠാനങ്ങളല്ലെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രിയുടെ അറിവോടെയാണ് മോൻസൺ ചെമ്പോല പുറത്തിറക്കിയത്. സർക്കാർ പ്രതിക്കൂട്ടിലായ ഈ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ എങ്ങനെ സത്യം പുറത്ത് വരാനാണ് ?.
കെ റെയിൽ പദ്ധതിയുടെ പേരിലുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കണം. ലാഭകരമല്ലാത്ത പദ്ധതിയാണിത്. കേരളത്തിന്റെ വികസന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതുമല്ല. സാമ്പത്തികലാഭം ഉണ്ടാക്കാനുള്ള നിക്ഷിപ്തതാത്പര്യക്കാരുടെ പദ്ധതി മാത്രമാണിത്.
പാർട്ടിയിൽ ബൂത്ത് തലം മുതൽ എല്ലാ ഘടകങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. നിയോജകമണ്ഡലങ്ങൾ വിഭജിക്കും. പാർട്ടി സംവിധാനം കൂടുതൽ ജനകീയമാക്കാനും ബഹുജന അടിത്തറ വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് പുന:സംഘടന.
ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് ടി.കെ.പ്രഭാകരൻ, ജില്ലാ ജനറൽ സെക്രട്ടറി ബാലസോമൻ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.