ബീനാച്ചി എസ്റ്റേറ്റിന്റെ പേരിൽ തട്ടിപ്പ് : മോൻസണിനെ ഒക്ടോബർ ഏഴുവരെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പുരാവസ്തുവിന്റെ പേരിൽ രൂപ തട്ടിയെടുത്ത കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ കോടതി ഒക്ടോബർ ഏഴുവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിനു നൽകാമെന്നു പറഞ്ഞ് തന്റെ പക്കൽ നിന്ന് പണം തട്ടിയെടുത്തെന്നാരോപിച്ച് പാല സ്വദേശി രാജീവ് നൽകിയ കേസിലാണിത്. മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് തന്റെ കൈവശമാണെന്നും ഇതു പാട്ടത്തിനു നൽകാമെന്നും പറഞ്ഞ് മോൻസൺ കബളിപ്പിച്ചെന്നാണ് പരാതി. ഇക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയത്. ഇതു പരിഗണിച്ച എറണാകുളം അഡി. സി.ജെ.എം കോടതി ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചു വരെയാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.