ദുബായ് എക്‌സ്‌പോയിൽ ശ്രദ്ധനേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

Wednesday 06 October 2021 3:05 AM IST

ദുബായ്: ദുബായിൽ ആരംഭിച്ച വേൾഡ് എക്‌സ്‌പോ 2020ൽ ശ്രദ്ധനേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ലോകത്തെ ഏറ്റവും വലിയ ജുവലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ്, ആഭരണനിർമ്മാണ രംഗത്ത് ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെയാണ് എക്‌സ്‌പോയിൽ പ്രതിനിധാനം ചെയ്യുന്നത്.

എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്‌ത കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ, ഇന്ത്യൻ ഹാൻഡ്‌ക്രാഫ്‌റ്റഡ് ജുവലറി നിർമ്മാണമേഖലയിലൂടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യവും തനത് പാരമ്പര്യവും കരകൗശലമികവും ലോകത്തിന് മുന്നിലെത്തിക്കുന്ന മലബാർ ഗോൾഡിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു.

തുടർന്ന് പീയുഷ് ഗോയലും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദും 'മെയ്‌ക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്" എന്ന വിഷയത്തിലൂന്നി ചർച്ച നടത്തി. കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തിന്റെ വികസനവും ഉയർന്ന തൊഴിലവസരങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗൾഫ് രാജ്യങ്ങളുടെ കലാ, സാംസ്‌കാരിക, വാണിജ്യ, സാങ്കേതിക മേഖലകളിലെ ഏറ്റവും വലിയ വേദിയായ ദുബായ് എക്‌സ്‌പോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായത് അഭിമാനാർഹമാണെന്ന് എം.പി. അഹമ്മദ് പറഞ്ഞു. ആഗോളവികസന പദ്ധതിയിലൂടെ 2025ഓടെ 750 ഷോറൂമുകളാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യമെന്നും എം.പി. അഹമ്മദ് പറഞ്ഞു.

Advertisement
Advertisement