ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സ്തംഭനം : സക്കർബർഗിന്റെ നഷ്‌ടം 51,000 കോടി രൂപ!

Wednesday 06 October 2021 3:12 AM IST

കൊച്ചി: ഫേസ്ബുക്കും വാട്‌സ്ആപ്പും ഇൻസ്‌റ്റാഗ്രാമും ആഗോളതലത്തിൽ മണിക്കൂറുകളോളം പണിമുടക്കിയ തിങ്കളാഴ്‌ച, ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ ആസ്‌തിയിൽ നിന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 700 കോടി ഡോളർ; സുമാർ 51,000 കോടി രൂപ!

ഫേസ്ബുക്കിന്റെ ഓഹരിവില, നാസ്ഡാക്കിൽ 4.9 ശതമാനം ഇടിഞ്ഞു. സെപ്‌തംബർ പാതിയിൽ 14,000 കോടി ഡോളർ (10.31 ലക്ഷം കോടി രൂപ) ആസ്‌തിയുണ്ടായിരുന്ന സക്കർബർഗ് ലോകത്തെ ഏറ്റവും സമ്പന്നരിൽ നാലാമനായിരുന്നു. ഇപ്പോൾ ആസ്‌തി 12,160 കോടി ഡോളർ (8.95 ലക്ഷം കോടി രൂപ); റാങ്ക് അഞ്ച്. 12,400 കോടി ഡോളർ (9.14 ലക്ഷം കോടി രൂപ) ആസ്‌തിയുമായി മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് നാലാംസ്ഥാനത്തേക്ക് കയറി.

സെർവർ തകരാറും വിസിൽബ്ളോവറും

ലോകത്ത് 350 കോടിപ്പേരാണ് ദിവസേന ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചർ, ഇൻസ്‌റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നത്. ഇവയുടെ പ്രവർത്തനം തിങ്കളാഴ്‌ച തടസപ്പെട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു. മുൻ പ്രോഡക്‌ട് മാനേജരും 'വിസിൽബ്ലോവറുമായ" ഫ്രാൻസസ് ഹോഗൻ കഴിഞ്ഞദിവസം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 'ഫേസ്ബുക്ക് ഉപഭോക്തൃ ഡേറ്റ ചോർത്തി ലാഭം നേടാറുണ്ടെന്നും വെറുപ്പും അക്രമവും വ്യാജവാർത്തകളും പരത്താറുണ്ടെന്നും" ആരോപിച്ചതും തിരിച്ചടിയായി.

ബി.ജി.പിയാണ് വില്ലൻ!

ലോകമാകെ തിങ്കളാഴ്‌ച ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റഗ്രാം, മെസഞ്ചർ എന്നിവയെ മണിക്കൂറുകളോളം സ്‌തംഭിപ്പിച്ച വില്ലൻ ആരെന്നോ.. ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ അഥവാ ബി.ജി.പി. റൂട്ടറുകൾ മുഖേന നെറ്റ്‌വർക്കുകളെ ബന്ധിപ്പിച്ച് ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന സംവിധാനമാണിത്.

ബി.ജി.പി പണിമുടക്കിയാൽ റൂട്ടറുകളും അനങ്ങില്ല! നെറ്റ്‌വർക്കും കിട്ടില്ല. ബി.ജി.പി അനക്കമറ്റതോടെ, ഫേസ്‌ബുക്കിന്റെ ഡൊമൈൻ നെയിം സിസ്‌റ്റവും (ഡി.എൻ.എസ്) പ്രവർത്തിക്കാതായി. '.കോം, .ഇൻ" എന്നിവപോലെ, വിവരങ്ങൾ നേടാനുള്ള (ആക്‌സസ്) വിലാസങ്ങളുടെ ശേഖരമാണ് ഡി.എൻ.എസ്. ഇതു കിട്ടാതായതോടെയാണ് ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാനും മേസേജ് അയയ്ക്കാനും മറ്റും തടസമുണ്ടായത്. പ്രശ്നം പരിഹരിച്ചതോടെ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് തന്നെ രംഗത്തെത്തി.

മിനുട്ടിൽ നഷ്‌ടം ₹12 കോടി!

കഴിഞ്ഞവർഷം ഫേസ്‌ബുക്കിന്റെ പരസ്യവരുമാനം 8,420 കോടി ഡോളറാണ് (6.20 ലക്ഷം കോടി രൂപ). സെർവർ തകരാറിൽ, ഓരോ മിനുട്ടിലും കമ്പനി 1.60 ലക്ഷം ഡോളർ (12 കോടി രൂപ) വരുമാനനഷ്‌ടം നേരിടുന്നു എന്നാണ് ഗാർട്‌ണർ ഉൾപ്പെടെയുള്ള റിസർച്ച് സ്ഥാപനങ്ങൾ പറയുന്നത്.

Advertisement
Advertisement