ഹർഭജനും സച്ചിനും വേണമെങ്കിൽ ചെയ്തോട്ടെ, പക്ഷെ തനിക്ക് ഈ പണി പറ്റില്ലെന്ന് ധോണി

Wednesday 06 October 2021 11:29 AM IST

മുംബയ്: നിരവധി ക്രിക്കറ്റ് താരങ്ങൾ കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അഭിനയരംഗത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ താനതിന് ഒരുക്കമല്ലെന്നാണ് മുൻ ഇന്ത്യൻ ക്യാപ്ടനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി പറയുന്നത്. അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്നും ഏതാനും ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും സിനിമ പോലുള്ള വമ്പൻ സംരംഭങ്ങളിൽ അഭിനയിക്കാനുള്ള കഴിവൊന്നും തനിക്കില്ലെന്ന് ധോണി പറഞ്ഞു. അഭിനയത്തിന്രെ കാര്യത്തിൽ താൻ കുറച്ചെങ്കിലും അടുത്തെത്തുന്നത് പരസ്യ ചിത്രങ്ങളിലാണ്. എന്നാൽ ബോളിവുഡ് അങ്ങനെയല്ല. അഭിനയിക്കാൻ അറിയാവുന്ന നിരവധി പേർ ഇന്ന് രാജ്യത്തുണ്ട്. അവരുടെ പണി അവര് ചെയ്യട്ടെയെന്നും ധോണി പറഞ്ഞു.

ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്ത് ആയിരുന്നു നായകനായി എത്തിയത്. എന്നാൽ സച്ചിൻ ടെൻഡുൽക്കറിന്റെ ജീവചരിത്രം ഡോക്യുമെന്ററി രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ സച്ചിനും അതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഈയടുത്ത് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. ക്രിക്കറ്റർമാരായ ബ്രെറ്റ് ലീ, വിനോദ് കാംബ്ലി, അജയ് ജഡേജ, കപിൽ ദേവ് എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്.

Advertisement
Advertisement