നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങൾ പോലുമില്ല, മേയർ നടത്തിയ അദാലത്തും പ്രഹസനമായി

Wednesday 06 October 2021 12:06 PM IST

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ ജനങ്ങളുടെ ആശങ്ക ഉയരുന്നു. കോർപ്പറേഷന്റെ അദാലത്തിൽ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇത് തട്ടിപ്പിന്റെ വ്യാപ്‌തി ഇരട്ടിയാക്കിയിരിക്കുകയാണ്.

വീണ്ടും നികുതി അടയ്ക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് നൂറുകണക്കിന് ആളുകൾ.

നഗരസഭയിലെ പല സോണൽ ഓഫീസുകളിലും ഉദ്യോഗസ്ഥർ നികുതിപ്പണം തട്ടിയെടുത്തെന്ന് മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ സ്ഥിരീകരിച്ചു. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു.

ശ്രീകാര്യം സോണിൽ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യർ അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിൽ 26,74,333 രൂപ ബാങ്കിൽ അടയ്ക്കാത്ത കാഷ്യർ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിൽ 1,9,836 രൂപ ബാങ്കിലിടാത്ത ജോർജ്കു‌ട്ടി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശ്രീകാര്യം സോണിലെ അന്നത്തെ ചാർജ് ഓഫീസറും ഇപ്പോൾ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും.

ബിൽ കളക്ടർമാരുടെ പിരിച്ച 35 ലക്ഷം രൂപയുടെ സോണൽഓഫീസുകളിലെ ഉദ്യോഗസ്ഥർ വെട്ടിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, അദാലത്തിൽ ഒടുക്കിയ തുക പോലും രേഖകൾ ഇടം നേടിയിട്ടില്ലെന്ന് വ്യക്തമാകുന്നതോടെ കോർപ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്.

Advertisement
Advertisement