വടക്കഞ്ചേരി ഫയർ സ്റ്റേഷന് വാടക കെട്ടിടത്തിൽ നിന്നും മോചനം ഇനിയും അകലെ

Thursday 07 October 2021 12:41 AM IST
വടക്കഞ്ചേരി ഫയർ സ്റ്റേഷനിനായി കെ.എസ്.ആർ.ടി.സി ഡിപ്പോ കോബൗണ്ടിലെ സ്ഥലം.

വടക്കഞ്ചേരി: രണ്ട് പതിറ്റാണ്ടിലേറെയായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വടക്കഞ്ചേരി ഫയർ സ്റ്റേഷന് കെ.എസ്.ആർ.ടി.സി ഡിപ്പോ കോമ്പൗണ്ടിൽ സ്ഥലം അനുവദിക്കാനുള്ള നടപടികൾ അവസാന നിമിഷം തകിടം മറിഞ്ഞു. ജില്ലയിലെ പ്രധാന വർക്ക്‌ഷോപ്പായി വടക്കഞ്ചേരി ഡിപ്പോയെ മാറ്റാനുള്ള പദ്ധതികൾക്ക് രൂപം നൽകിയതിനാൽ ഫയർ സ്റ്റേഷന് ഇനി സ്ഥലം വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.

ഇതേത്തുടർന്നാണ് അവസാനഘട്ടത്തിലെത്തിയ ഫയർ സ്റ്റേഷന് സ്വന്തം സ്ഥലവും കെട്ടിടവും എന്ന സ്വപ്നം പൊലിഞ്ഞത്. ഏറെ വർഷങ്ങൾ നീണ്ട നടപടികളും കത്തിടപാടുകളും വകുപ്പുകൾ തമ്മിലുള്ള സംയോജനവുമായി ഫയർ സ്റ്റേഷന് സ്ഥലം ഉറപ്പായ ഘട്ടത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ ഈ തീരുമാനം. കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിൽ നിന്നും 40 സെന്റ് സ്ഥലം ഫയർ സ്റ്റേഷൻ വിട്ടു നൽകാനായിരുന്നു വിവിധ വകുപ്പുകളുടെ കൂടിയാലോചനയിൽ തീരുമാനിച്ചിരുന്നത്. ഇതിലേക്ക് സമീപത്തുള്ള കെ.എസ്.ഇ .ബി കോമ്പൗണ്ടിലൂടെ വഴിയും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

  • ആറുമാസം പറഞ്ഞ് 20 വർഷമായി

സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഫയർ സ്റ്റേഷന് കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടും അനുവദിച്ചു. എന്നാൽ തുടർനടപടികളൊന്നും നടന്നില്ല. 20 വർഷം മുമ്പാണ് ദേശീയപാതയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലോട്ട് മാറി അഞ്ചുമൂർത്തിമംഗലം ഗാന്ധി സ്മാരക സ്‌കൂൾ റോഡിൽ പഴയ തീപ്പെട്ടി കമ്പനിയിൽ വടക്കഞ്ചേരി ഫയർ സ്റ്റേഷൻ തുടങ്ങിയത്.

ആറുമാസംകൊണ്ട് സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുമെന്ന ഉറപ്പിലായിരുന്നു തുടക്കം. ഇതിനിടെ പല എം.എൽ.എമാർ മാറി മാറി വന്നു. എന്നാൽ ഫയർ സ്റ്റേഷന് സ്വന്തം സ്ഥലം എന്ന ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞില്ല. ഏതുസമയവും ദുരന്തം സംഭവിക്കുമെന്ന ഭീതിയിലാണ് തകർന്നു വീഴാറായ പഴയ കെട്ടിടത്തിൽ ഫയർ ജീവനക്കാർ നിലവിൽ കഴിയുന്നത്.

ഇനി കണ്ണമ്പ്രയിൽ വരുന്ന വ്യവസായ പാർക്കാണ് ഏക ആശ്രയം. ഇവിടെ 50 സെന്റ് സ്ഥലത്തിനായി ഫയർവകുപ്പ് അധികൃതർ അപേക്ഷ നൽകിയിട്ടുണ്ട്. ആ സ്ഥലം കിട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.