ഡോക്ടറേറ്റ് തുണയായില്ല, കയറിൽ ജീവിതം ഉല്ലാസമാക്കി ശൈലേഷ്

Thursday 07 October 2021 12:00 AM IST
ശൈലേഷ് പിക്കപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ

കൊല്ലം: പേരിനു അലങ്കാരമായി 'ഡോക്ടറേറ്റ്' ഉണ്ടെന്നു കരുതി വെള്ളക്കോളർ ജോലി തേടി സമയം കളയാൻ ശൈലേഷ് (39) തയ്യാറായിരുന്നില്ല. ചകിരിയും കയറും കയറ്റിയ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ, പഠിച്ചതും പഠിപ്പിച്ചതുമൊക്കെ പാഴായിപ്പോയല്ലോ എന്ന നിരാശയുമില്ല. ഓച്ചിറ കൊറ്റംപള്ളിൽ ഇരുപ്പയ്ക്കൽ കുടുംബാംഗമായ ശൈലേഷ് പിഎച്ച്.ഡി നേടിയശേഷം ശാസ്താംകോട്ട ദേവസ്വംബോർഡ്‌ കോളേജിലും കായംകുളം എം.എസ്.എം കോളേജിലും രണ്ടുവർഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്തെങ്കിലും കൃത്യമായി ശമ്പളം കിട്ടാതെവന്നതോടെ അത് ഉപേക്ഷിച്ചു. ഇനി എന്ത് എന്ന് ആലോചിച്ച് സമയം കളഞ്ഞില്ല. ഒരു പിക് അപ്പ് വാൻ വാങ്ങി അതിന്റെ സാരഥിയായി. കയർത്തൊഴിലാളികളുടെ വീടുകളിൽ ചകിരി എത്തിച്ചായിരുന്നു തുടക്കം. 35 കിലോയുടെ ഒരുകെട്ട് എത്തിച്ചാൽ 30 രൂപ കിട്ടും. പിന്നീട് കയർ ഉത്പന്നങ്ങൾ സംഘങ്ങളിലും വിപണികളിലും എത്തിച്ചുതുടങ്ങി. 12,000 രൂപയാണ് ശമ്പളം.

'മദ്ധ്യവർഗ സ്ത്രീയുടെ മാറുന്ന മുഖം - ഉഷാ പ്രിയംവദയുടെ നോവലുകളിൽ' എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നാണ് 2016ൽ ഡോക്ടറേറ്റ് നേടിയത്. ഹിന്ദിയിൽ ബി.എഡും എംഫിലും കൂടിയുണ്ട് ശൈലേഷിന്. വിമുക്തഭടൻ വിശ്വനാഥപ്പണിക്കരാണ് പിതാവ്. അമ്മ തങ്കമണി. മകൾ ശിവാനി.

കയറിന്റെ വഴി ഇങ്ങനെ

നാട്ടിൽ നവോദയ ക്ലബിന്റെ സെക്രട്ടറിയായിരുന്നപ്പോൾ കയർഫെഡും നെഹ്‌റു യുവകേന്ദ്രയും ചേർന്നു സംഘടിപ്പിച്ച തൊഴിൽ പരിശീലന ക്ലാസിൽ അദ്ധ്യാപകനായതോടെയാണ് ശൈലേഷിന് കയർ വ്യവസായത്തോട് അടുപ്പം തോന്നിയത്. 2016ൽ ശൈലേഷ് പ്രൊമോട്ടറായി ഓച്ചിറ കൊറ്റംപള്ളി നവോദയ കയർ സംഘത്തിനു രൂപം നൽകി. വീടിനു മുന്നിലെ ഷെഡ്ഡ് കയർ നിർമ്മാണ യൂണിറ്റായി. 65 ഇലക്ട്രോണിക് റാട്ട് വീടുകളിലും 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ സംഘത്തിലും ലഭ്യമാക്കി. ഇപ്പോൾ നൂറോളം തൊഴിലാളികളുണ്ട്. അഞ്ചു വർഷം സംഘത്തിന്റെ പ്രസിഡന്റായിരുന്നു. ഇപ്പോൾ ബോർഡ് അംഗമാണ്. ഭാര്യ ആതിര മോഹനാണ് സെക്രട്ടറി. പിഎച്ച്.ഡി പ്രബന്ധം തയ്യാറാക്കുന്നതിനിടയിലായിരുന്നു സംഘത്തിന്റെ രൂപീകരണം.

''അദ്ധ്യാപകനാവുക എന്നതാണ് സ്വപ്നം. ഭാഷാ വിഷയങ്ങളിൽ ഒഴിവുകൾ കുറവാണ്. എന്തായാലും നൂറോളം ആളുകളുടെ ഉപജീവനമാർഗമായ കയർവ്യവസായം ഉപേക്ഷിക്കാൻ കഴിയില്ല

-ഡോ. വി. ശൈലേഷ്

Advertisement
Advertisement