വന്യജീവി ആക്രമണം: 2020ൽ പൊലിഞ്ഞത് 111 ജീവനുകൾ

Thursday 07 October 2021 12:39 AM IST

പാലക്കാട്: വന്യജീവികളുടെ ആക്രമണം മൂലം ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഇത്തരത്തിൽ 111 ജീവനുകളാണ് പൊലിഞ്ഞത്. 2020 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെയുള്ള കണക്കുപ്രകാരമാണിത്. ഈ കാലയളവിൽ 1239 പേർക്കാണ് വന്യജീവികളുടെ ആക്രമണം മൂലം പരിക്കേറ്റത്.

കാട്ടുപന്നി, ആന, പുലി, പാമ്പ് എന്നിവയാണ് മനുഷ്യർക്ക് കൂടുതൽ ഭീഷണിയായിട്ടുള്ളത്. കൂടാതെ വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടുപന്നി, ആന എന്നിവ മൂലമുള്ള വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കൃഷിനാശം ഉണ്ടായ 6795 പേരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിൽ അപേക്ഷ സമർപ്പിച്ചത്.

  • മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന നഷ്ടപരിഹാരം പത്തുലക്ഷം

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. സ്ഥിരമായി അംഗഭംഗം സംഭവിച്ചാൽ രണ്ടുലക്ഷം രൂപ വരെ നൽകും. പരിക്ക് ഏൽക്കുന്നവർക്ക് ആശുപത്രി ചെലവിനു ഒരു ലക്ഷം രൂപ വരെ നൽകും. വന്യജീവി ആക്രമണത്തിൽ ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരമായി കഴിഞ്ഞവർഷം 1.18 കോടി രൂപയാണ് വനംവകുപ്പ് അനുവദിച്ചത്. മരിച്ചവർക്ക് 1.24 കോടി രൂപയും പരുക്കേറ്റവർക്ക് 31.07 ലക്ഷം രൂപയുമാണ് വനംവകുപ്പ് നഷ്ടപരിഹാരമായി അനുവദിച്ചത്.

  • നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷിക്കാം

വന്യജീവികളുടെ ആക്രമണം മൂലമുള്ള നാശത്തിന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ രേഖകൾ സഹിതം അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായാണ് നൽകേണ്ടത്. അപേക്ഷകന്റെ പരിധിയിലെ റേഞ്ച് ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപകടം സംഭവിച്ച് ആറു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. വനത്തിനുള്ളിലോ വനാതിർത്തിയിലോ വച്ചുണ്ടായ അപകടത്തിനാണ് നഷ്ടപരിഹാരം നൽകുക. ഒരാൾക്ക് ഒരു സാമ്പത്തിക വർഷം നാലു പ്രാവശ്യംവരെ നഷ്ടപരിഹാരം ലഭിക്കും.

Advertisement
Advertisement