കൊവിഡ് വാക്‌സിനേഷൻ മോപ്പ് അപ്പ് സർവേ തുടങ്ങി​

Thursday 07 October 2021 12:16 AM IST

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള കൊവിഡ് വാക്‌സിനേഷൻ മോപ്പ് അപ്പ് സർവേ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷം നടക്കുന്ന സർവേ നാളെയും തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി (ഡി.ഡി.എം.എ) യോഗത്തിലാണ് ഇക്കാര്യം കളക്ടർ പറഞ്ഞത്. ജില്ലയിലെ എല്ലാവരും വാക്‌സിൻ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് സർവേ സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സർവേ സംഘത്തിൽ ഐ.സി.ഡി.എസ് പ്രതിനിധികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരാകും അംഗങ്ങളായുണ്ടാകുക. വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തി കാരണം രേഖപ്പെടുത്തുന്നതും വിമുഖത പ്രകടിപ്പിക്കുന്നവർക്ക് വാക്‌സിനേഷന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതുമാണ് സർവേ സംഘത്തിന്റെ ചുമതല. കൊവിഡ് ബാധിതരായവർ വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങളും സർവേയിൽ ഉൾപ്പെടുത്തും. സർവേയിലൂടെ വാക്‌സിൻ സ്വീകരിച്ചവരിൽ രോഗത്തിന്റെ ഗുരുതരാവസ്ഥാ സാദ്ധ്യത, മറ്റ് സങ്കീർണതകൾ, മരണനിരക്ക് എന്നിവ കുറവാണെന്നുള്ള അവബോധം ജനങ്ങളിൽ എത്തിക്കും.