ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം തുടങ്ങി​

Thursday 07 October 2021 12:29 AM IST
കുഞ്ഞുങ്ങൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണത്തിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചപ്പോൾ

പത്തനംതിട്ട : കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പി.സി.വി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്. ശ്രീകുമാർ, ആർ.സി.എച്ച് ഓഫീസർ ഡോ.സന്തോഷ് കുമാർ, വാർഡ് കൗൺസിലർ സിന്ധു അനിൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ, ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാർ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എ.സുനിൽ കുമാർ, എം.സി.എച്ച് ഓഫീസർ എം.എസ് ഷീല, പബ്ലിക്ക് ഹെൽത്ത് നഴ്‌സ് ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.

ന്യൂമോകോക്കൽ ന്യുമോണിയ

കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യൂമോകോക്കൽ ന്യുമോണിയ. ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടാനും വീക്കത്തിനും ഇതു കാരണമാകുന്നു. ഓക്‌സിജൻ ഉള്ളിലേക്ക് എടുക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാൻ പ്രയാസം, പനി, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങൾ. പി.സി.വി കുത്തിവയ്പ്പ് കുട്ടികളിൽ ന്യൂമോകോക്കൽ രോഗത്തെയും തന്മൂലമുള്ള മരണത്തേയും തടയും. കുഞ്ഞുങ്ങൾക്ക് ആറ് ആഴ്ച പ്രായമുള്ളപ്പോൾ ആദ്യ ഡോസും 14 ആഴ്ചയിൽ രണ്ടാം ഡോസും നൽകുന്നു. തുടർന്ന് ഒൻപത് മാസം പ്രായമാകുമ്പോൾ ബൂസ്റ്റർ ഡോസും നൽകുന്നു. സ്വകാര്യമേഖലയിൽ മാത്രം ലഭ്യമായിരുന്ന ഈ വാക്‌സിൻ ഇനി മുതൽ സർക്കാരിന്റെ രോഗപ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിലൂടെ സൗജന്യമായി ലഭ്യമാകും. രാജ്യത്ത് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് ഈ വാക്‌സിൻ നിർണായകമായ പങ്ക് വഹിക്കും. ജില്ലയിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ എത്തിച്ചു കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.