ആക്രിക്കൂട്ടത്തിൽ ശ്വാസംമുട്ടി കളക്ടറേറ്റ്

Thursday 07 October 2021 12:48 AM IST
ക​ള​ക്ട​റേ​റ്റി​ലെ​ ​വാ​രാ​ന്ത​യി​ൽ​ ​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ ​ഓ​ഫീ​സ് ​ഉ​പ​ക​ര​ണ​ങ്ങൾ

നടക്കാൻ ഇടമില്ലാതെ വരാന്തകളും ഇടനാഴികളും

കൊല്ലം: മുക്കിലും മൂലയിലുമൊക്കെ 'ആക്രി' സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ, കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ. ആറടിയോളം വീതിയുള്ള വരാന്തകളും ഇടനാഴികളും ഉപയോഗശൂന്യമായ സാധനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന തരത്തിൽ അല്പം സ്ഥലം ഒഴിച്ചിട്ടിട്ടുണ്ടെന്നതൊഴിച്ചാൽ ശ്വാസം മുട്ടുകയാണ് ജില്ലയിലെ ഭരണസിരാകേന്ദ്രം.

ഓഫീസുകളുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഈ അവസ്ഥയെന്ന് അധികൃതർ വിശദീകരിക്കുന്നു. സാധനങ്ങൾ ഒഴിഞ്ഞ ഏതെങ്കിലും ഭാഗത്തേക്കു മാറ്റാൻ അധികൃതർ ശ്രമിക്കുന്നുമില്ല. ദിനംപ്രതി നിരവധി പേർ എത്തുന്ന ആർ.ടി.ഒ ഓഫീസിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും വരാന്തകളിൽ ഉപയോഗശൂന്യമായ മേശ, കസേര എന്നിവ നിറഞ്ഞിരിക്കുകയാണ്. വരുന്ന ശനിയാഴ്ച കളക്ടറേറ്റിൽ ശുചീകരണ ദിനം ആചരിക്കാൻ തയ്യാറെടുക്കുകയാണ് ജില്ലാ ഭരണകൂടം. അന്നെങ്കിലും ഇവയൊക്കെ ഇടനാഴികളിൽ നിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെങ്കിലും കണ്ടറിയണമെന്നാണ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർതന്നെ പറയുന്നത്.

മാലിന്യത്തൊട്ടിയിലെ 'ശുചിത്വമിഷൻ'

ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യമാകെ ശുചീകരണവാരം നടക്കുമ്പോൾ ഇതൊന്നും കളക്ടറേറ്റിൽ ബാധകമല്ലെന്ന് കരുതേണ്ടിവരും. ഇടനാഴികളിൽ പേപ്പർ മാലിന്യം, കോണിപ്പടികളിൽ ഭക്ഷണമാലിന്യം, കോടതിവരാന്തകളിൽ തെരുവുനായ്ക്കൾ കൊണ്ടുവന്നിട്ട മാംസാവശിഷ്ടങ്ങൾ... ഇതൊക്കെയാണ് കളക്ടറേറ്റിലെ കാഴ്ചകൾ. മാംസാവശിഷ്ടങ്ങളിൽ ചവിട്ടാതിരിക്കാൻ അവ നീക്കം ചെയ്യുന്നതിന് പകരം തൊട്ടടുത്ത്‌ കിടന്ന മേശ നീക്കിയിട്ട് മറച്ചാണ് 'ശുചീകരണപ്രവർത്തനം' നടത്തിയത്. ആരും ചവിട്ടി നാശമാക്കാതിരിക്കാൻ അത്രയെങ്കിലും ചെയ്തല്ലോ എന്ന് ആശ്വസിക്കാം. ജില്ലാ ശുചിത്വ മിഷന്റെ ഓഫീസും കളക്ടറേറ്റിലാണ് പ്രവർത്തിക്കുന്നത് എന്നതാണ് വിരോധാഭാസം! സ്വന്തം പരിസരം ശുചീകരിക്കാതെ ഇവർ ജില്ലയിൽ എന്ത് ശുചീകരണ പ്രവർത്തനമാണ് നടത്തുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റു പറയാനാവില്ല.

അറിയിപ്പിലുണ്ട് എല്ലാം

കളക്ടറേറ്റിന്റെ കിഴക്കേ കെട്ടിടത്തിലെ ഏണിപ്പടികൾ കയറുമ്പോൾ പേപ്പറിൽ പ്രിന്റ് ചെയ്ത ഒരു അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്, 'ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുത്'. ഈ അറിയിപ്പിൽ നിന്നുതന്നെ ഇവിടുള്ളവരുടെ പ്രവൃത്തി വ്യക്തമാവും. കളക്ടറേറ്റിൽ എത്തുന്നവരിൽ ഭൂരിഭാഗം പേരും ഉപയോഗിക്കാത്ത ഏണിപ്പടികൾ ആയതിനാൽ ഇവിടെ ഉച്ചഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്നതിന്റെ തെളിവാണ് ഈ അറിയിപ്പ്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ഇവിടെ ഒരു കാമറയും സ്ഥാപിച്ചിട്ടുണ്ട്.

Advertisement
Advertisement