എൻഡോസൾഫാൻ നഷ്ടപരിഹാരം: മുൻകളക്ടറെ തള്ളി മന്ത്രി

Wednesday 06 October 2021 11:53 PM IST

 കീടനാശിനി കമ്പനിയുടെ ഏജന്റെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരന്തബാധിതർ അല്ലാത്തവർ നഷ്ടപരിഹാരം ലഭിക്കാനുള്ളവരുടെ ലിസ്റ്റിലുണ്ടെന്നും മൂന്ന് ഘട്ടങ്ങളിലായുള്ള പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ ലിസ്റ്റ് പുന:പരിശോധിക്കണമെന്നും നിലപാടെടുത്ത കാസർകോട്ടെ മുൻ കളക്ടർ കീടനാശിനി കമ്പനിയുടെ ഏജന്റാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. എന്നാൽ മുൻ ജില്ലാ കളക്ടറുടെ അഭിപ്രായം സർക്കാരിന്റേതല്ലെന്ന് മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചതിനു പിന്നാലെയാണ് നിയമസഭയിലും വിഷയം ചർച്ചയായത്.

എൻഡോസൾഫാൻ ഇരകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച റെമഡിയേഷൻ സെൽ ഒരു വർഷമായി പ്രവർത്തിക്കുന്നില്ലെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും പുനഃസംഘടിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ.എ നെല്ലിക്കുന്ന് ആരോപിച്ചു. ഇരകൾക്ക് അഞ്ചു ലക്ഷം രൂപാ വീതം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ട് നാലുവർഷമായിട്ടും 3713 പേർക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്നും 2017ൽ മെഡിക്കൽ ക്യാമ്പുകളിൽ ദുരന്തബാധിതരാണെന്ന് കണ്ടെത്തിയ 1031പേരെ ഇതുവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 'റെമഡിയേഷൻ സെൽ

ഉടൻ പുന:സ്ഥാപിക്കും'

പുനരധിവാസ പദ്ധതികൾ ഏകോപിപ്പിക്കുന്ന റെമഡിയേഷൻ സെൽ ഉടൻ പുന:സ്ഥാപിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നഷ്ടപരിഹാരമായി 171 കോടിയും ചികിത്സാസഹായമായി 16.83 കോടിയും വായ്പ എഴുതിത്തള്ളിയ ഇനത്തിൽ 6.82 കോടിയും പെൻഷനായി 81.42 കോടിയും ദുരിതബാധിതരെ പരിചരിക്കുന്നവർക്കുള്ള പെൻഷൻ ഇനത്തിൽ 4.54 കോടിയും ദുരിതബാധിത കുടുംബത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കോളർഷിപ്പിനത്തിൽ 4.44 കോടിയും സൗജന്യറേഷന് 82 ലക്ഷം രൂപയും നല്‍കി. ദുരിതബാധിത കുടുംബങ്ങൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതി ഇളവ് നൽകി. ദുരിതബാധിതരെ പരിചരിക്കാൻ മൊബൈൽ മെഡിക്കൽ യൂണിറ്റും ചികിത്സയ്ക്ക് സൗജന്യയാത്രാ സൗകര്യവും ഏർപ്പെടുത്തി. സുപ്രീംകോടതി ഉത്തരവ് പ്രകാരം 285.17 കോടി രൂപ നഷ്ടപരിഹാരം നല്‍കി. മൂളിയാറിൽ പുനരധിവാസ വില്ലേജിന്റെ ആദ്യഘട്ട നിർമ്മാണത്തിന് അഞ്ച് കോടി അനുവദിച്ചു. നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിച്ചെന്നും മന്ത്രി പറഞ്ഞു.