സ്പോർട്സ് കൗൺസിൽ പിരിച്ചുവിടണമെന്ന് വോളിബാൾ അസോസിയേഷൻ

Wednesday 06 October 2021 11:59 PM IST

തിരുവനന്തപുരം: അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി സ്പോർട്സിന് പ്രയോജനമില്ലാത്തതായി മാറിയ സംസ്ഥാന സ്പോർട്സ് കൗൺസിൽ പിരിച്ചുവിടണമെന്ന് കേരള വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ചാർലി ജേക്കബ് ,സെക്രട്ടറി നാലകത്ത് ബഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വോളിബാൾ അസോസിയേഷന്റെ അംഗീകാരം കഴിഞ്ഞദിവസം സ്പോർട്സ് കൗൺസിൽ റദ്ദാക്കിയിരുന്നു.ദേശീയ വോളി ഫെഡറേഷന്റെ അംഗീകാരം കേന്ദ്ര കായിക മന്ത്രാലയം എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന അസോസിയേഷന്റെ അഫിലിയേഷൻ റദ്ദ് ചെയ്തതെന്നാണ് കൗൺസിൽ അറിയിച്ചത്. കഴിഞ്ഞ ദിവസം കായികമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് വോളി അസോസിയേഷൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സ്പോർട്സ് കൗൺസിലിന്റെ അഫിലിയേഷൻ നഷ്ടപ്പെട്ടാലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും അംഗീകാരം തങ്ങൾക്കാണെന്ന് നാലകത്ത് ബഷീർ അവകാശപ്പെട്ടു. സർക്കാർ ഫണ്ട് ധൂർത്തടിക്കുന്ന കൗൺസിൽ പിരിച്ചുവിട്ട് ജീവനക്കാരെ സ്പോർട്സ് ഡയറക്ടേറ്റിൽ ലയിപ്പിക്കണം. കൗൺസിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജെയ്‌സമ്മ മൂത്തേടത്ത്, സുനിൽ സെബാസ്റ്റ്യൻ, അനിൽ, രവീന്ദ്രൻ നായർ, സുരേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement