അഴിമതി തടയാൻ മൈനിംഗ് സേവനങ്ങൾ ഓൺലൈനിലാക്കും: മന്ത്രി പി.രാജീവ്

Thursday 07 October 2021 12:02 AM IST

തിരുവനന്തപുരം: മൈനിംഗ് മേഖലയിലെ അഴിമതി കാലങ്ങളായി നിലനിൽക്കുന്നതാണെന്നും ഇത് തടയാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം മൂന്നു മാസങ്ങൾക്കുള്ളിൽ പൂർണമായും ഒാൺലൈനിലാക്കുമെന്നും മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വ്യവസായ, കയർ വകുപ്പുകളുമായി ബന്ധപ്പെട്ട ബില്ലുകളു‌ടെ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സാഹചര്യങ്ങളാണ് പലരെയും അഴിമതിക്കാരാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് സർക്കാ‍ർ ലക്ഷ്യം. വകുപ്പിന്റെ എല്ലാ സേവനങ്ങൾക്കും ഇ- ഗവേണൻസ് ഉറപ്പാക്കും. സേവനങ്ങൾക്കായി ഒരാളും ഒാഫീസിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ നയം. ഇതിലൂടെ നടപടികൾ സുതാര്യമാകും. അനുമതി നൽകിയ സ്ഥലത്ത് എത്ര അളവ് ഖനനം നടന്നുവെന്ന് ഒാഫീസിലിരുന്ന് അറിയാൻ കഴിയുന്ന സാങ്കേതിക വിദ്യ നടപ്പാക്കും.

 ധാതുമണലിൽ നിന്ന്

മൂല്യവർദ്ധിത ഉത്പന്നങ്ങൾ

ധാതുമണലിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉറപ്പാക്കാനായി മാസ്റ്റർ പ്ലാൻ തയ്യാറാകുന്നുവെന്നും മന്ത്രി പറഞ്ഞു. ചവറയിൽ കെ.എം.എം.എല്ലിന്റെ കരിമണൽ ശേഖരത്തിൽ നിന്ന് ഇൽമനൈറ്റ് ഉത്പാദിപ്പിക്കാൻ ഐ.ആർ.ഇയുമായി സംയുക്ത സംരംഭം ആരംഭിക്കുന്നത് ചർച്ചയിലാണ്. സംരംഭ വികസനത്തിന് 'നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം' എന്ന പ്രചാരണം ഏറ്റെടുക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കായി (എം.എസ്.എം.ഇ) രണ്ട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ടെക്നോളജി ക്ലിനിക്ക് ആരംഭിക്കും. ഫാക്ടറികൾക്കായി പൊതുവായുള്ള അടിസ്ഥാന രൂപകല്പനയും പൊതുസൗകര്യ കേന്ദ്രങ്ങളും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമം. സംരംഭകർക്ക് സഹായം നൽകാൻ വ്യവസായ വകുപ്പിന്റെ താലൂക്കുതല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. മലബാർ മേഖലയിലെ ചകിരി ഉത്പാദന സാദ്ധ്യതകൾ പ്രയോജനപ്പടുത്തും. കയർഫെഡിലെ നിയമനങ്ങളിൽ ഒരു വർഷത്തിന് ശേഷമാണ് പരാതി ഉന്നയിക്കുന്നത്. പരിശോധിച്ച് കഴമ്പുണ്ടെങ്കിൽ നടപടി സ്വീകരിക്കും. കയർഫെഡിൽ പി.എസ്.സിക്ക് വിട്ട എല്ലാ നിയമനങ്ങളും അതുവഴി മാത്രമേ നടക്കൂവെന്നും മന്ത്രി പറഞ്ഞു.

 ആമസോൺ മാതൃകയിൽ

ഓൺലൈൻ പ്ലാറ്റ് ഫോം

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ചെറുതും വലുതുമായ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആമസോൺ, ഫ്ലിപ്പ്കാർട്ട് മാതൃകയിൽ ഓൺലൈൻ പ്ലാറ്റ് ഫോം ഉടൻ സജ്ജമാക്കും. കുടുംബശ്രീയിലെ ഏതെങ്കിലും ഒരു യൂണിറ്റ് നിർമ്മിക്കുന്ന ചെറിയ ഉത്പന്നങ്ങൾ പോലും ലോകത്ത് ആർക്കും വാങ്ങാവുന്ന തരത്തിലുള്ള സംവിധാനം ഒരുക്കും. ഇന്ത്യയ്ക്ക് മാതൃകയാകുംവിധം ഈ സംവിധാനത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement