കെ.ബാബുവിന്റെ വിവാദ പരാമർശം സഭയിൽ പ്രതിഷേധം, ബഹളം

Thursday 07 October 2021 12:07 AM IST

തിരുവനന്തപുരം: ഷാപ്പുകളിൽ വ്യാജമായി കള്ള് നിർമ്മിക്കുന്നതിനെ കാനായിലെ കല്യാണത്തിന് യേശു വെള്ളത്തിൽ നിന്നു വീഞ്ഞുണ്ടാക്കിയതിനോട് ഉപമിച്ച മുൻ മന്ത്രി കെ.ബാബുവിനെതിരെ നിയമസഭയിൽ ഭരണപക്ഷത്തിന്റെ പ്രതിഷേധം. കള്ള് വ്യവസായ വികസന ബോർഡ് ബില്ലിന്റെ ചർച്ചയ്ക്കിടയിലായിരുന്നു ബാബുവിന്റെ പരാമർശം. ഇതേച്ചൊല്ലി നിരവധി തവണ ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. കേരളത്തിൽ ഇപ്പോൾ ആവശ്യാനുസരണം കള്ള് ഉത്പാദിപ്പിക്കുന്നില്ല. പലയിടത്തും കൃത്രിമമായാണ് കള്ള് ഉണ്ടാക്കുന്നത്. വിനോദസഞ്ചാരികൾക്ക് കള്ള് നൽകണമെങ്കിൽ കാനായിലെ കല്യാണത്തിന്‌ യേശു വെള്ളം വീഞ്ഞാക്കിയതുപോലെ വെള്ളത്തിൽ നിന്ന് കള്ള് ഉണ്ടാക്കേണ്ടി വരും എന്നായിരുന്നു ബാബുവിന്റെ പരാമർശം.

ഇതിനെതിരെ ഭരണപക്ഷത്ത് നിന്ന് മാത്യു.ടി.തോമസാണ് ആദ്യം രംഗത്തെത്തിയത്. പരാമർശം അസ്ഥാനത്തുള്ളതാണെന്നും ഒരു സമൂഹത്തെയാകെ അധിക്ഷേപിക്കുന്നതാണെന്നും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ താൻ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ബാബു ആവർത്തിച്ചു. തുടർന്ന് ഭരണപക്ഷാംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്രു. ബാബുവിനെ അനുകൂലിച്ച് പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തിയതോടെ സഭ ബഹളത്തിലായി. ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി എം.വി ഗോവിന്ദൻ പരാമർശം നിർഭാഗ്യകരമായിപ്പോയി എന്ന് പ്രതികരിച്ചെങ്കിലും ബാബു നിലപാട് ആവർത്തിച്ചു. താൻ പറഞ്ഞത് വസ്തുതാപരമായാണെന്നും അതിൽ ആക്ഷേപകരമായി ഒന്നുമില്ലെന്നും മന്ത്രിയുടെ മനസിൽ വർഗീയ ചിന്തകൾ എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് മന്ത്രി നടത്തിയ അഭിപ്രായ പ്രകടനമെന്നും ബാബു പറഞ്ഞു. വിവാദ പരാമർശം രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്ന് ഭരണപക്ഷത്തു നിന്നുള്ള അംഗങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കർ അറിയിച്ചതിനെ തുടർന്നാണ് ബഹളം അവസാനിച്ചത്.

Advertisement
Advertisement