കുട്ടികൾക്കുള്ള വാക്സിൻ വിതരണം തുടങ്ങി

Thursday 07 October 2021 12:08 AM IST

കൊല്ലം: ന്യുമോണിയ, മെനിഞ്ജൈറ്റിസ് എന്നിവയെ പ്രതിരോധിക്കാനായി കുട്ടികൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പി.സി.വി) വിതരണം ജില്ലയിൽ തുടങ്ങി.

ഒന്നര മാസത്തെ ആദ്യ ഡോസിനു ശേഷം മൂന്നര മാസത്തിലും ഒൻപതാം മാസത്തിലുമാണ് വാക്സിൻ നൽകേണ്ടത്. നഗരസഭ പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാക്കി. ബുധനാഴ്ചകളിൽ എല്ലാ പി.എച്ച്.സികളിലും ലഭിക്കും. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ വിക്ടോറിയ ഉൾപ്പെടെ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളിലും കുത്തിവയ്പ്പിന് സൗകര്യമുണ്ട്. ജില്ലാതല ഉദ്ഘാടനം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അദ്ധ്യക്ഷയായി.