ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Thursday 07 October 2021 1:48 AM IST

ഡോ . എ.സന്തോഷ് കുമാർ

മുൻ പീഡിയാട്രിക് പ്രൊഫസർ ആൻഡ് സൂപ്രണ്ട്
മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ തിരുവനന്തപുരം

മുതിർന്നവരിൽ ഉണ്ടാകുന്നതുപോലെ ലക്ഷണങ്ങളോടെയുള്ള കൊവിഡ് അപൂർവമായി മാത്രമേ കുട്ടികളിൽ കാണുന്നുള്ളൂ. മാത്രമല്ല, കുട്ടികളിൽ ഉണ്ടാകുന്ന കൊവിഡ് ഗുരുതരവുമല്ല.അതിനാൽ കുട്ടികൾ സ്‌കൂളുകളിൽ പോകുന്നതു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. സ്‌കൂൾ തുറക്കുമ്പോൾ രക്ഷകർത്താക്കൾ,സ്‌കൂൾ അധികൃതർ , കുട്ടികൾ എന്നിവരെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട് .

രക്ഷകർത്താക്കൾ ശ്രദ്ധിക്കാൻ
 സ്‌കൂളിൽ പോയിവരുന്ന കുട്ടികൾക്ക് രോഗ ലക്ഷണം കണ്ടാൽ ശ്രദ്ധിക്കണം. സാധാരണയായി മുതിർന്നവരിൽ ഉള്ളതുപോലെ രോഗലക്ഷണം കുട്ടികൾക്ക് ഉണ്ടാകാറില്ല . എന്നാൽ ചെറിയ പനി , ക്ഷീണം, വയറിളക്കം,കളിയിൽ താത്പര്യം കുറയുക, കൂടുതൽ ഉറങ്ങുക ,തലകറങ്ങുക എന്നിവ കണ്ടാൽ പരിശോധന നടത്തണം.
അസുഖം ഉണ്ടായാൽ ക്ലാസ് മുടങ്ങും എന്നുകരുതി കുട്ടികളെ സ്‌കൂളിൽ അയക്കരുത്.
ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിർദ്ദേശാനുസരണം മാത്രമേ സ്‌കൂളിൽ വിടാൻ പാടൂളൂ.
അസുഖമുണ്ടായാൽ വിശ്രമം നൽകണം. ധാരാളം വെള്ളം കൊടുക്കണം, ഒപ്പം സമീകൃത ആഹാരം നൽകണം .
കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ വീട്ടിലുള്ള മുതിർന്നവർ മാസ്‌ക് ധരിക്കണം.
കുട്ടികളെ സ്‌കൂളിൽ വിടുന്നതിന് മുൻപ് മാസ്‌ക് ധരിപ്പിച്ച് ശീലിപ്പിക്കണം.
കുട്ടികളുടെ കൈയിൽ സാനിറ്റൈസർ കൊടുത്തുവിടരുത്. അപകടകരമാണ്
കുട്ടികളെ സ്‌കൂളിൽ നിന്നും തിരികെ വിളിക്കാനെത്തുന്ന രക്ഷകർത്താക്കൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് ഒഴിവാക്കണം


സ്‌കൂൾ അധികൃതർ ശ്രദ്ധിക്കാൻ

 എല്ലാ സ്കൂളുകളിലും സിക്ക് റൂം സജീകരിക്കണം.എല്ലാ ക്‌ളാസുകളിൽ നിന്നും പെട്ടെന്ന് എത്താൻ കഴിയുന്ന വായുസഞ്ചാരമുള്ള മുറിയാകണം ഇത്.
 എക്സ്ഹോസ്റ്റ് ഫാൻ ഉണ്ടെങ്കിൽ നല്ലതാണ്
 അസുഖം തോന്നുന്ന കുട്ടികളെ കിടത്താൻ സൗകര്യം വേണം.ദിവസവും പുതിയ ഷീറ്റ് ഇടണം
കുടിക്കാൻ വെള്ളം,ഗ്ലൂക്കോസ്,ഒ .ആർ.എസ് ലായനി,പനിക്കുള്ള ഗുളിക ,തെർമോമീറ്റർ എന്നിവ കരുതണം.
റൂം വൃത്തിയാക്കാനുള്ള സൗകര്യം വേണം.മാസ്‌ക് അടക്കമുള്ള മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കണം.
 ക്ലാസ് ടീച്ചർമാരുടെ കൈയിൽ രക്ഷകർത്താക്കളുടെ ഫോൺ നമ്പർ ഉണ്ടാകണം
 സിക് റൂമിലെ കെയർ ടേക്കർ എൻ 95 മാസ്‌ക് ധരിക്കണം, അദ്ധ്യാപകർ വാക്‌സിൻ എടുത്തിരിക്കണം .
കുട്ടികൾ പരസ്‌പരം സാധനങ്ങൾ കൈമാറുന്നില്ലെന്നും അടുത്ത് ഇടപഴകുന്നില്ലെന്നും അദ്ധ്യാപകർ ഉറപ്പുവരുത്തണം.
 സ്‌കൂളിലെ വിവിധ സ്ഥലങ്ങളിലായി സോപ്പും വെള്ളവും സജീകരിക്കണം.
ഓരോ ദിവസവും ക്ലാസ് മുറികൾ അണുവിമുക്തമാക്കണം
പലസമയത്തായി ഇന്റർവെൽ നൽകണം .


കുട്ടികൾ ശ്രദ്ധിക്കാൻ

വെള്ളം, ഭക്ഷണം , പുസ്തകം, പേന ,ഇൻട്രമെന്റ് ബോക്സ് അടക്കം സ്‌കൂളിൽ കൊണ്ടുപോകുന്നവയൊന്നും മറ്റു കുട്ടികളുമായി പങ്കു വയ്ക്കരുത്
സ്‌കൂളിൽ പോയി തിരികെ വീട്ടിൽ എത്തുന്നതുവരെ മാസ്‌ക് മാറ്റരുത്.
മറ്റുകുട്ടികളുടെ മാസ്‌ക് വാങ്ങി ധരിക്കരുത്
മറ്റു കുട്ടികളുമായി ശാരീരികമായി ഇടപഴകരുത്