സംസ്ഥാനത്ത് ഇനി ആദ്യഡോസ് വാക്സിൻ എടുക്കേണ്ടത് ഏഴുശതമാനം പേർ, 93 ശതമാനം വാക്‌സിനേഷൻ പിന്നിട്ടു

Thursday 07 October 2021 6:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് (2,48,81,688) ആദ്യ ഡോസ് നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 43.14 ശതമാനം പേര്‍ക്ക് രണ്ടാം ഡോജേ വാക്സിൻ നൽഖി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,64,04,946 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. കൊവിഡ് ബാധിതരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ട് ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കൊവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ 88 ശതമാനം പേരും കൊവിഡ് മുന്നണി പോരാളികളില്‍ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 80 ശതമാനം പേര്‍ ആദ്യ ഡോസും 18 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 1,88,71,205 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 1,75,24,970 ഡോസ് വാക്‌സിനുമാണെടുത്തത്.

ഇന്ന് 1698 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. അതില്‍ 1408 സര്‍ക്കാര്‍ കേന്ദ്രങ്ങളും 290 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അതേസമയം സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്.

Advertisement
Advertisement