3,838 കിലോമീറ്റർ 'പ്ലാസ്റ്റിക്' റോഡ് !

Friday 08 October 2021 12:12 AM IST

കൊച്ചി: വീട്ടിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കെല്ലാം ഇപ്പോൾ റോഡിലുണ്ട്. പ്ലാസ്റ്റിക് ചേർത്തു നി‌ർമ്മിച്ച സൂപ്പർ റോഡുകളാണ് കേരളത്തിലെമ്പാടും! അഞ്ച് വ‌ർഷത്തിനിടെ ടാറിട്ടത് 3838.04 കിലോമീറ്റർ സ്മാ‌ർട്ട് റോഡാണ്. കൊവിഡ് ഭീതിയിൽ ആളുകൾ വീട്ടിലിരുന്ന കഴിഞ്ഞ വർഷം റോഡ് നി‌ർമ്മാണത്തിൽ റെക്കാ‌ർഡിട്ടു. ടാർ ചെയ്തത് 1,710 കിലോമീറ്റർ. ഈ വർഷം ഇതുവരെ 147 കിലോമീറ്റർ ടാറിംഗ് പൂർത്തിയാക്കി.

എറണാകുളം ജില്ലയിലെ പ്രധാനപാതകളും ഇതിൽപ്പെടും. ഹരിത കർമ്മസേന മുന്നിട്ടിറങ്ങുകയും ക്ലീൻ കേരളാ ചുക്കാൻ പിടിക്കുകയും ചെയ്തതോടെയാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കരുത്തിൽ കേരളത്തിലെ റോഡുകളിൽ നല്ലൊരു ശതമാനവും സൂപ്പറായത്. മാലിന്യനിർമാർജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടാനും ചെലവ് കുറയ്ക്കാനും പ്ലാസ്റ്റിക് റോഡിനാകും. ഒരു കിലോമീറ്റർ റോഡിന് ഒരു ടൺ പ്ലാസ്റ്റിക്കാണ് ആവശ്യം. ക്ലീൻ കേരളയുടെ വിവിധ ജില്ലകളിലുള്ള ഖരമാലിന്യ ശേഖര യൂണിറ്റുകൾ വഴിയാണ് (ആർ.ആർ.എഫ്) പ്ലാസ്റ്റിക് വേർതിരിച്ച് ഷ്രഡ് ചെയ്ത് ഗ്രാന്യൂളുകളായി മാറ്റുന്നത്.

പ്ളാസ്റ്റിക് ടാറിൽ

50 മൈക്രോണോ അതിൽ താഴെയയുള്ള പ്ലാസ്റ്റിക്

പൊടിയാക്കി ബിറ്റുമിനിൽ ചേർത്ത് റോഡ് നിർമ്മിക്കും

ബിറ്റുമിന്റെ അളവ് ഏഴു ശതമാനമായി കുറയ്ക്കാനായി

12.18 മെട്രിക് ടൺ

12.18 മെട്രിക് ടൺ പൊടിച്ച പ്ലാസ്റ്റിക്കാണ് അഞ്ച് വർഷത്തിനിടെ ദേശീയപാത അതോറിട്ടിക്ക് ക്ലീൻ കേരള കൈമാറിയത്. പി.ഡബ്ല്യു.ഡിക്ക് 947.76 മെട്രിക് ടണ്ണും തദ്ദേശ സ്ഥാപനങ്ങൾക്ക് 1151.2 മെട്രിക് ടണ്ണും നൽകി. പദ്ധതിയുടെ തുടക്കമായ 2016-2017ൽ 51 കിലോമീറ്റർ റോഡാണ് പൂർത്തീകരിച്ചത്. 2017-18ൽ ഇത് 357 കിലോമീറ്ററും 2018-19 വർഷം 495 കിലോമീറ്ററും 2019-20ൽ 1073 കിലോമീറ്ററും പൂർത്തീകരിച്ചു.

തദ്ദേശസ്ഥാപനങ്ങൾ, പി.ഡബ്ല്യു.ഡി എന്നിവ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ക്ലീൻ കേരള പ്ലാസ്റ്റിക്ക് ലഭ്യമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും പി.ഡബ്ല്യു.ഡിയും നിർമ്മിക്കുന്ന റോഡുകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന സർക്കാർ ഉത്തരവാണ് ഉദ്യമത്തിന് ശക്തിപകർന്നത്.

രണ്ടാം തരംഗത്തെ തുടർന്ന് പ്ലാസ്റ്റ് ശേഖരണത്തിലും ഗ്രാനൂട്ട് നി‌ർമ്മാണത്തിലും കുറവുവന്നു. ഈവ‌ർഷം ടാറിംഗിനായി കൂടുതൽ പ്ലാസ്റ്റിക് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്രീഷ്‌മ,എം.ഡി,ക്ലീൻ കേരള, എറണാകുളം

Advertisement
Advertisement