ഇറ്റാലിയൻ കുതിപ്പിന് സ്പാനിഷ് മൂക്കുകയർ

Thursday 07 October 2021 10:40 PM IST

സെമിയിൽ ഇറ്റലിയെ 2-1ന് കീഴടക്കി സ്പെയ്ൻ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ

സ്പെയ്ൻ അവസാനിപ്പിച്ചത് ഇറ്റലിയുടെ 37 അപരാജിത മത്സരങ്ങളുടെ കുതിപ്പ്

റോം : യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയുടെ 37 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പ് അവസാനിപ്പിച്ച് സ്പെയ്ൻ. കഴിഞ്ഞ രാത്രി ഇറ്റലിയുടെ മണ്ണിൽ നടന്ന യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ആതിഥേയരെ കീഴടക്കിയാണ് സ്പെയ്ൻ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.യൂറോ കപ്പ് സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയോടേറ്റ പരാജയത്തിനുള്ള സ്പെയ് നിന്റെ പകരം വീട്ടൽ കൂടിയായി ഇത്.

യുവതാരം ഫെറാൻ ടോറസിന്റെ ഇരട്ടഗോളാണ് സ്പെയ്‌നിന് വിജയം സമ്മാനിച്ചത്. 17മിനിട്ടിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിലുമായിരുന്നു ടോറസിന്റെ ഗോളുകൾ. ഇറ്റലിയുടെ ആശ്വാസഗോൾ 83–ാം മിനിട്ടിൽ ലോറൻസോ പെല്ലെഗ്രിനി നേടി. ക്യാപ്ടൻ ലിയനാർഡോ ബൊനൂച്ചി 42–ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് ഇറ്റലി മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്.

ബെൽജിയവും ഫ്രാൻസും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെയാകും ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയ്ൻ നേരിടേണ്ടത്.

Advertisement
Advertisement