ജാതി തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതി

Friday 08 October 2021 12:19 AM IST

തിരുവനന്തപുരം : അപേക്ഷകന്റെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ,അത് വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായിരിക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെയോ അവരിലൊരാളുടെയോ എസ്.എസ്.എൽ.സി. ബുക്ക് / വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായെടുക്കാം. .

അപേക്ഷകന്റെ ബന്ധുത്വം റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയിലേതിലെങ്കിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാറോ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ് ഇനി വേണ്ട.കുടുംബാംഗങ്ങളുടെ പേരുള്ള റേഷൻ കാർഡ് കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലെങ്കിൽ മാത്രം വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് മതി. തിരിച്ചറിയൽ രേഖയില്ലാത്ത പൗരന്മാർക്ക് ഗസറ്റഡ് ഓഫീസർ നൽകുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും
.ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സിസർട്ടിഫിക്കറ്റിൽ / വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെടുത്തലും, സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയി വിവാഹ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയാകും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കർഷിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ഒഴിവാക്കും.

 വിദേശ തൊഴിൽ അന്വേഷകർക്ക്

ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകർക്ക് നൽകും. ഇതിനായി സർവകലാശാലകൾ, പരീക്ഷാഭവൻ, ഹയർ സെക്കൻഡറി വിഭാഗം, തദ്ദേശ വകുപ്പ് എന്നിവർക്ക് ലോഗിൻ സൗകര്യം.

ഇതുവഴി ബന്ധപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാം.

ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷൻ പൂർത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുൻകൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നൽകും.