സി​മ​ന്റ്,​ ​ക​മ്പി​ ​വി​ല​ ​മുകളിലേക്ക് എന്തൊരു കുതിപ്പ് !

Friday 08 October 2021 12:02 AM IST

# നിർമ്മാണ മേഖലയ്ക്ക് കനത്ത പ്രഹരം

കോഴിക്കോട്: നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായി സിമന്റ്, കമ്പി വില കുതിക്കുന്നു. സിമന്റ് ചാക്കിന് 510 രൂപവരെയും കമ്പിയ്ക്ക് കിലോയ്ക്ക് 80 രൂപ വരെയും ഉയർന്നു. ചെങ്കല്ല്, സിമന്റ് കട്ട, എം.സാൻഡ് എന്നിവയുടെ വിലയിലും വലിയ വർദ്ധനവുണ്ടായി.

കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് നിർമ്മാണ മേഖല കരകയറുന്നതിനിടെയാണ് വിലക്കയറ്റം ഇരുട്ടടിയായത്. ലൈഫ് പദ്ധതിയിൽ വീട് പണിയുന്നവരും ആശങ്കയിലാണ്.

ഇന്ധന വില വർദ്ധനവാണ് സിമന്റ് വില ഉയരാനുളള കാരണമായി കമ്പനികൾ പറയുന്നത്.

കൽക്കരിയുടെ ( കോക്കിംഗ് കോൾ) വില കൂടിയതും ലഭ്യതക്കുറവുമാണ് കമ്പി വില ഉയരാൻ ഇടയാക്കിയത്. കൽക്കരി ക്ഷാമം രൂക്ഷമാണെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 70 മുതൽ 80 രൂപ വരെയാണ് ഒരു കിലോ കമ്പിക്ക് വില കൂടിയത്. അടുത്ത മാസത്തോടെ 100 രൂപ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വില ഇനിയും ഉയർന്നാൽ നിർമ്മാണ രംഗം പൂർണമായും സ്തംഭിച്ചേക്കും. സർക്കാറിന്റെ നിർമ്മാണ പ്രവൃത്തികളും വില വർദ്ധന കാരണം ഇഴയുകയാണ്.

ജനുവരിയിൽ 380 രൂപയായിരുന്ന സിമന്റ് വില ഏപ്രിലോടെയാണ് വൻ തോതിൽ ഉയർന്നത്. കമ്പി വിലയും സമാനമായി കൂടി. കൊവിഡ് രൂക്ഷമായ സമയത്ത് ആവശ്യം കുറഞ്ഞതോടെ വില അൽപം താഴോട്ട് പോയിരുന്നു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സിമന്റ്, കമ്പി നിർമ്മാണ കമ്പനികൾ ഉത്പ്പാദനവും കുറച്ചിരുന്നു.

40 ശതമാനത്തോളമാണ് ഇലക്ട്രിക്, പ്ലംബിംഗ് സാമഗ്രികളുടെ വില കൂടിയത്. സിമന്റ് വില ഉയർന്നതാണ് കട്ടയുടെ വില കൂടാൻ കാരണമായത്. ഇന്ധന വില ഉയർന്നതോടെയാണ്കല്ലിന്റെയും എംസാൻഡിന്റെയും വില കൂടിയത്.

"'സിമന്റിനും കമ്പിക്കും ഇനിയും വില കൂടുകയാണെങ്കിൽ മുന്നോട്ട് പോകാൻ പ്രയാസമായിരിക്കും. നിലവിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.''

ഷിബിൻ കെ.എം (കരാറുകാരൻ)

Advertisement
Advertisement