തീപിടിത്തമുണ്ടായാൽ കൂട്ടം കൂടേണ്ട, കാഴ്ച കാണാൻ

Friday 08 October 2021 12:02 AM IST

വ്യാപാരികൾക്കായി ഫയർഫോഴ്സ് ഒരുക്കിയ ബോധവത്കരണ ക്ലാസിനിടെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു

കോഴിക്കോട്: വ്യാപാര സമുച്ചയങ്ങളിലും മറ്റും തീപിടിത്തമുണ്ടായാൽ 'തീപിടിച്ച് ഓടാൻ" കുറച്ചുപേരുണ്ടാവും. തീകെടുത്താനുള്ള ആദ്യശ്രമക്കാർ അവർ തന്നെയായിരിക്കും. പക്ഷേ, കാഴ്ച കണ്ട് രസിക്കാനും ആവുന്നത്ര മൊബൈൽ കാമറയിൽ പകർത്താനും കൂട്ടംകൂടുന്നവരായിരിക്കും ബഹുഭൂരിപക്ഷവും. അക്കൂട്ടരുണ്ടാക്കുന്ന പൊല്ലാപ്പ് കുറച്ചൊന്നുമല്ല.

ഫയർഫോഴ്സ് ഉത്തരമേഖലാ മേധാവി ടി.രാജേഷ് ഇങ്ങനെ പറയുന്നത് ജാഗ്രതയോടെ 'വഴി തുറപ്പിക്കാൻ" തന്നെ. എവിടെ അഗ്നിബാധയുണ്ടായാലും ഫയർ എൻജിനുകൾക്ക് തടസ്സം കൂടാതെ അങ്ങേയറ്റം അടുത്തേക്ക് കടന്നെത്താൻ വഴിയൊരുക്കുകയാണ് മുഖ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മിഠായിത്തെരുവിലെയും പരിസരത്തെയും വ്യാപാരികൾക്കായി അഗ്നിശമനരക്ഷാസേന ഒരുക്കിയ ബോധവത്കരണ ക്ളാസിൽ സംസാരിക്കുകയായിരുന്നു രാജേഷ്.

എം.പി റോഡിലെ ബേബി ബസാറിൽ തീപിടിത്തമുണ്ടായപ്പോൾ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചത് പകലായതുകൊണ്ടാണ്. അതേസമയം, മിഠായിത്തെരുവിൽ രാത്രി അഗ്നിബാധയുണ്ടായപ്പോൾ തീ ആളിപ്പടർന്ന ശേഷമാണ് അറിഞ്ഞതുതന്നെ. ഫയർ എൻജിനുകൾ കുതിച്ചെത്തിയപ്പോഴാകട്ടെ കാഴ്ച കാണാൻ കൂടിയവരുടെ വാഹനങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു റോഡിൽ. അവ മാറ്റിക്കിട്ടുന്നതുവരെ കാത്തുനിൽക്കാനാവില്ലല്ലോ. ഒടുവിൽ വളരെ ദൂരത്തു നിന്നാണ് തീഅണയ്ക്കാൻ തുടങ്ങിയത്.

എവിടെ അപായമുണ്ടായാലും ഫയർ ഫോഴ്സിൽ പെട്ടെന്നു വിവരം അറിയിച്ചാൽ മാത്രം പോരാ. കുറച്ചുപേർ ഒത്തുചേർന്ന് ഫയർ എൻജിനുകൾക്ക് കടന്നെത്താൻ വഴി ഉറപ്പാക്കാൻ കൂടി ശ്രദ്ധിക്കണം.

ബേബി ബസാർ മർച്ചന്റ്സ് കോംപ്ളക്സിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ എ.വി.എം.കബീർ നിർവഹിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർമാരായ കെ.പി.ബാബുരാജ്, സതീശ് എന്നിവരും ക്ളാസെടുത്തു.

അഗ്നിബാധ

ഒഴിവാക്കാൻ...

1. ഷോർട്ട് സർക്യൂട്ട് തടയാൻ പഴകിയ ഇലക്ട്രിക് വയറിംഗ് മാറ്റണം.

2. ഒരേ പ്ളഗ് പോയിന്റിൽ നിന്ന് പരിധി വിട്ട് കണക്‌ഷൻ എടുക്കരുത്.

3. കോണിപ്പടികൾ സ്വതന്ത്രമായിരിക്കണം.; ഗോഡൗണാക്കരുത്.

4. കടകളിൽ ഫയർ എസ്റ്റിംഗ്വിഷർ കാണുന്ന വിധത്തിലുണ്ടാവണം.

5. വാഹന പാർക്കിംഗിന് നിയന്ത്രണം വേണം. വഴി മുടക്കരുത്.

Advertisement
Advertisement