കൃഷിയിടം നിറയെ ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞ്,​ ഇഞ്ചിഞ്ചായി...

Friday 08 October 2021 12:02 AM IST
മുള്ളൻകുന്നിൽ കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ച്

കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്നും പരിസര പ്രദേശങ്ങളിലും കർഷകരുടെ ഉറക്കം കെടുത്തി ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. നൂറ് ഏക്കറോളം കൃഷിഭൂമിയിലെ അറുപതോളം കർഷകരാണ് ഒച്ചിന്റെ വ്യാപനത്തോടെ ദുരിതത്തിലായത്. നേരം ഇരുട്ടിയാൽ ചണ്ടികളിലും കയ്യാല പൊത്തുകളിലും ഒളിഞ്ഞിരിക്കുന്ന ഒച്ചുകൾ പതിയെ പുറത്തിറങ്ങി വാഴ, കപ്പ, പപ്പായ, ചേമ്പ്, ചേന തുടങ്ങി പച്ചക്കറി ചെടികൾ ഉൾപ്പെടെ നശിപ്പിക്കുകയാണ്. ഏകദേശം നൂറ് ഗ്രാം തൂക്കവും സാമാന്യം വലിപ്പവുമുളള ആയിരക്കണക്കിന് ഒച്ചുകളെ കൃഷിയിടങ്ങളിൽ കാണാം. വ്യാപനം കൂടിയതോടെ ഒച്ചുകളെ ഇല്ലാതാക്കാൻ കർഷകർ ശ്രമം തുടങ്ങിയെങ്കിലും മരങ്ങളിലും കെട്ടിടങ്ങളിലും ഇഴഞ്ഞ് കയറുകയാണ്. മരങ്ങളിൽ പറ്റിനിൽക്കുന്ന ഒച്ചുകൾ കുരുമുളക് ചെടികൾക്കും ഭീഷണിയായിട്ടുണ്ട്.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒച്ചുകൾ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത് .ഇത്തരം ഒച്ചുകളിൽ നിന്ന് കുട്ടികളിൽ ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് രോഗം വ്യാപിക്കാനുള്ള സാധ്യത സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എൻഡമോളജി വിഭാഗം കണ്ടെത്തിയിരുന്നു. മഴ തുടങ്ങുന്നതോടെയാണ് ഒച്ചുകൾ പെരുകുന്നത്. മറ്റ് ജീവികൾ ഇവയുടെ ശല്യക്കാരല്ലാത്തതിനാൽ ശത്രുക്കളില്ലാതെ അതിവ്യാപനം നടത്താൻ ഇവയ്ക്ക് കഴിയും. ഒരു ഒച്ച് ഒറ്റത്തവണ 500 ഓളം മുട്ടകളിടുമെന്നാണ് കണ്ടെത്തൽ.

'ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ തുരിശ് ലായനിയും മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയ കൃഷിമന്ത്രി ഒച്ച് നിർമ്മാർജനത്തിനായി 64,​000 രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു'-. തോമസ് കാഞ്ഞിരത്തിങ്കൽ,​ കർഷകൻ,​ ഗ്രാമപഞ്ചായത്തംഗം.

Advertisement
Advertisement