രണ്ടാംശ്രമത്തിൽ സഹലിന് നാലാംറാങ്കിന്റെ തിളക്കം

Friday 08 October 2021 12:16 AM IST

പെരിന്തൽമണ്ണ: ആദ്യശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും മങ്കട കടന്നമണ്ണ സ്വദേശി കെ.സഹലിന് ഇത്തവണ എൻജിനീയറിംഗ് എൻട്രൻസിൽ നാലാംറാങ്കിന്റെ തിളക്കം. കടന്നമണ്ണ കർമൂക്കിൽ അനീസുദ്ദീൻ-സജ്ന ദമ്പതികളുടെ മൂത്തമകനാണ്. കഴിഞ്ഞ തവണ കോച്ചിംഗിന് പോവാതെയാണ് എൻട്രൻസ് എഴുതിയത്. ഇത്തവണ പാലായിലെ കോച്ചിംഗ് സെന്ററിൽ പരിശീലനം നേടി . രാവിലെ ആറുമണി തൊട്ടുള്ള കൃത്യമായ പഠനാന്തരീക്ഷവും ഓരോ ക്ലാസുകളും കഴിയുമ്പോഴുള്ള വിലയിരുത്തലുകളുമാണ് റാങ്ക് നേടാൻ സഹായിച്ചത്. ജെയിൻ,ജെ.ഇ.ഇ അഡ്വാൻസ്ഡ് തുടങ്ങിയ പരീക്ഷകളും എഴുതിയിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 10,​000ത്തിനുള്ളിൽ റാങ്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹൽ കേരളകൗമുദിയോട് പറഞ്ഞു.മെക്കാനിക്കൽ വിഭാഗത്തിൽ ഐ.ഐ.ടിയിൽ ചേർന്ന് പഠിക്കാനാണ് താത്പര്യം. മങ്കട ജി.എച്ച്.എസ്.എസിലായിരുന്നു പഠനം. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് ടുവിന് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. എട്ടാംക്ളാസ് വിദ്യാർത്ഥിനിയായ സൻഹ, നാലാം ക്ളാസ് വിദ്യാർത്ഥിനിയായ മിൻഹ എന്നിവരാണ് സഹോദരിമാർ.