അക്ഷരമുറ്റം അണിയിച്ചൊരുക്കാൻ ഒത്തൊരുമിച്ച്

Friday 08 October 2021 12:19 AM IST

സ്കൂളുകൾ തുറക്കാൻ സാമൂഹിക പങ്കാളിത്തം

കൊല്ലം: സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പശ്ചാത്തല സൗകര്യം, ശുചീകരണം എന്നിവയിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന അദ്ധ്യാപക, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അദ്ധ്യാപക, അനദ്ധ്യാപക,​ യുവജന സംഘടനാ പ്രതിനിധികൾ, ആരോഗ്യ വകുപ്പ്, പൊലീസ്, ജലഅതോറിട്ടി, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് 12ന് മുൻപ് പ്രത്യേകയോഗം ചേരും.

കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം, നിരീക്ഷണ കേന്ദ്രം, വാക്‌സിനേഷൻ കേന്ദ്രം എന്നിവയായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ പൂർണമായും അണുവിമുക്തമാക്കി 15ന് മുൻപ് കൈമാറണം. സപ്ലൈകോ പാക്കിംഗ് സെന്ററായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകളും അണുവിമുക്തമാക്കും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്റണത്തിലുള്ള 69 സ്‌കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 25 ലക്ഷം രൂപ വിനിയോഗിച്ച് ഓരോ വിദ്യാർത്ഥിക്കും ഏഴ് നോട്ട്ബുക്കുകൾ വീതം സൗജന്യമായി നൽകും. ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എസ്. പ്രസന്ന കുമാർ, പ്രിജി ശശിധരൻ, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻപോൾ തുടങ്ങിയവർ പങ്കെടുത്തു

ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം
1. എല്ലാ സ്‌കൂളുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം

2. കിണറുകൾ, കുടിവെള്ള സംഭരണികൾ എന്നിവ ശുദ്ധീകരിക്കണം

3. ഓരോ സ്‌കൂളിലും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും

4. ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും

5. സ്‌കൂൾ ബസുകൾക്ക് ഫി​റ്റ്‌നസ് സർട്ടിഫിക്ക​റ്റ് നൽകും

സ്‌കൂൾ പരിസരങ്ങളിൽ കാമറകൾ

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി മെഡിക്കൽ ഷോപ്പുകളിലും സ്‌കൂളുകളിലും സി.സി.ടി.വി കാമറകൾ നിർബന്ധമാക്കും. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംയുക്ത പ്രവർത്തനപദ്ധതി നടപ്പാക്കുന്നതിനായുള്ള ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം, അനധികൃതമായി കുട്ടികളെ കടത്തൽ എന്നിവ തടയുന്നതിനാണ് കാമറ വയ്ക്കുന്നത്. ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അതോറി​റ്റി, പൊലീസ് എന്നിവർ കൃത്യമായ ഇടവേളകളിൽ ദൃശ്യങ്ങൾ പരിശോധിക്കും. ബാലാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷൻ അഡ്വ. കെ.പി. സജിനാഥ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement