ജയിലഴി എണ്ണാൻ മത്സരിച്ച് കൊല്ലം

Friday 08 October 2021 12:04 AM IST

പ്രതിദിനം ശരാശരി ആറുപേർ ശിക്ഷിക്കപ്പെടുന്നു

കൊല്ലം: കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയിൽ പൊലീസ് കേസുകളിലും അറസ്റ്റുകളിലും ഗണ്യമായ വർദ്ധന. പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ആഗസ്റ്റ് ഒന്നുമുതൽ പ്രതിദിനം ശരാശരി ആറുപേർ റിമാൻഡിലാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.

ആഗസ്റ്റ് ഒന്നുമുതൽ സെപ്തംബർ 25 വരെ മാത്രമുള്ള കണക്കനുസരിച്ച് ജില്ലയിൽ 371 പേരാണ് ജയിലിലായത്. ഇതിൽ 291 പേരും കൊല്ലം സിറ്റി പൊലീസ് പരിധിയിലുള്ളവരാണ്. ഇക്കാലയളവിൽ 4000 ത്തോളം അറസ്റ്റുകളാണ് നടന്നത്. ഇവരിൽ ഭൂരിഭാഗത്തിനും സ്റ്റേഷൻ ജാമ്യം ലഭിക്കുന്നതിനാലാണ് നേരെ ജയിലിൽ എത്താത്തത്. കേസുകൾ നിലവിലുള്ളതിനാൽ പലർക്കും കുറച്ചുകാലയളവിലേക്കെങ്കിലും ജയിൽശിക്ഷ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ആയുധം കൊണ്ടുള്ള ആക്രമണത്തിലെ പ്രതികളാണ് ജയിലിലായവരിൽ കൂടുതലും. പൊലീസ് പരിശോധനകളും പട്രോളിംഗുമൊക്കെ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും കുറ്റകൃത്യങ്ങൾക്ക് തടയിടാനോ നിയന്ത്രിക്കാനോ പൊലീസിന് സാധിക്കുന്നില്ലെന്നതിന്റെ തെളിവുകളാണ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി വിലയിരുത്തുന്നത്.

ഞെട്ടിക്കുന്ന നിരക്ക്

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ 2019ലെ കണക്കനുസരിച്ച് ആത്മഹത്യാ നിരക്കിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണ് കൊല്ലത്തിന്. കുടുംബപ്രശ്നങ്ങളാണ് പ്രധാനകാരണം. ദേശീയ ശരാശരി ഒരുലക്ഷം പേരിൽ 13.9 ആണെങ്കിൽ കൊല്ലത്ത് 41.2 ആണ് ആത്മഹത്യാ നിരക്ക്.

2019ലെ ആത്മഹത്യ ഗ്രാഫ്

 മുൻപന്തിയിൽ പുരുഷൻമാർ

 മാനസിക പ്രശ്നങ്ങൾ മൂലം: 130 പേർ

 കുടുംബപ്രശ്നങ്ങൾ: 150 പേർ

 വിവിധ രോഗങ്ങൾ: 76 പേർ

 പ്രണയ നൈരാശ്യം: 26 പേർ

(കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല)

...................................

ജയിലിലായവരുടെ എണ്ണം

(ആഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ 25 വരെ)

 കൊല്ലം സിറ്റി: 291

 കൊല്ലം റൂറൽ: 80

ജില്ലയിൽ അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണം: 4000 ത്തിലധികം

റൂറൽ പരിധിയിൽ മാത്രം അറസ്റ്റ് : 2812

Advertisement
Advertisement