സ്വപ്നം ഐ.ഐ.ടി,​ നയം വ്യക്തമാക്കി നയൻ

Friday 08 October 2021 3:33 AM IST
കേരള എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ നയൻ കിഷോറിന് അച്ഛൻ കിഷോർകുമാറും അമ്മ സിന്ധുവും മധുരം നൽകുന്നു. അനുജൻ നവീൻ കിഷോർ സമീപം

കൊല്ലം: കേരള എൻജിനീയറിംഗ് എൻട്രൻസിലെ കന്നിയങ്കത്തിൽ തന്നെ മൂന്നാംറാങ്ക് ലഭിച്ച നയൻ കിഷോർ നായരുടെ ലക്ഷ്യം ഐ.ഐ.ടി പഠനമാണ്. റാങ്ക് തിളക്കത്തിന്റെ ആഹ്ളാദത്തിലാണെങ്കിലും ഈ മാസം പകുതിയോടെ പ്രഖ്യാപിക്കുന്ന ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) എൻട്രൻസിന്റെ ഫലം കാത്തിരിക്കുകയാണ് നയൻ.

കൊല്ലം മുണ്ടയ്ക്കൽ ജയകൃഷ്ണയിൽ എൻജിനീയറിംഗ് ബിരുദധാരിയായ ബിസിനസുകാരൻ കിഷോർകുമാറിന്റെയും ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി അദ്ധ്യാപിക സിന്ധുവിന്റെയും മകനാണ്. ഏറ്റവും മികച്ച ഐ.ഐ.ടികളിലൊന്നിൽ കമ്പ്യൂട്ടർ എൻജിനീയറിംഗിന് ചേരണമെന്നാണ് ആഗ്രഹമെന്ന് നയൻ പറഞ്ഞു.

കൊല്ലം റിറ്റ്സിൽ 500ൽ 488 മാർക്കോടെയാണ് പ്ളസ്ടു വിജയിച്ചത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 495 മാർക്ക് നേടി രാജ്യത്തെ അഞ്ചാം റാങ്കുകാരനായി. രാജസ്ഥാനിലെ ബിറ്റ്സ് പിലാനിയിൽ കമ്പ്യൂട്ടർ എൻജിനീയറിംഗിന് പ്രവേശനത്തിന് അർഹത നേടിയിട്ടുണ്ട്. സഹോദരൻ നവീൻ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.