ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എമ്മിൽ
Friday 08 October 2021 1:12 AM IST
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ആലപ്പുഴ നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എം സഹയാത്രികനായി. ഇന്നലെ തിരുവനന്തപുരം അയ്യൻകാളി സ്മാരക ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ചുവപ്പ് ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. അമ്പതിലധികം പ്രവർത്തകർക്കൊപ്പം ഇന്നലെ തിരുവനന്തപുരത്തെത്തിയ കുഞ്ഞുമോൻ, ആലപ്പുഴ ജില്ലയിൽ നിന്നുള്ള സി.പി.എം നേതാക്കളായ മന്ത്രി സജി ചെറിയാൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ എന്നിവരോടൊപ്പമാണ് അയ്യൻകാളി സ്മാരക ഹാളിലെത്തിയത്.