കോൺഗ്രസ് ഇപ്പോൾ ബി.ജെ.പിയുടെ പാതയിൽ: മുഖ്യമന്ത്രി

Friday 08 October 2021 1:19 AM IST

സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം

തിരുവനന്തപുരം: താൻ തീരുമാനിച്ചാൽ ബി.ജെ.പിയിലേക്ക് പോകുമെന്നും അതിനെ ആർക്കും തടയാൻ കഴിയില്ലെന്നും പറഞ്ഞ കോൺഗ്രസ് നേതാക്കൻമാരുടെ നിലപാട് മതനിരപേക്ഷത സംരക്ഷിക്കാൻ ഉതകുന്നതല്ലെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസുകാരാണ് പാർട്ടി വിട്ട് സി.പി.എമ്മിൽ എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും രാജിവച്ച് സി.പി.എമ്മിൽ ചേർന്നവരെ സ്വീകരിക്കാൻ സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നയങ്ങളുടെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.

മതേതര പാർട്ടിയായ കോൺഗ്രസ് ഇപ്പോൾ ബി.ജെ.പിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. ആഗോളവത്കരണ നയവും ഉദാരവത്കരണവും ഓഹരി വിറ്റഴിക്കലും ആരംഭിച്ചത് കോൺഗ്രസ് ആണ്. അതിപ്പോൾ ഏറെ ശക്തമായി ബി.ജെ.പി മുന്നോട്ടു കൊണ്ടുപോകുന്നു. പല സംസ്ഥാനങ്ങളിലേയും കോൺഗ്രസിലെ മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്ര മന്ത്രിമാർ, നേതാക്കൾ എന്നിവർ ഇന്ന് ബി.ജെ.പിയിലാണ്. ഇതിൽ നിന്ന് എന്തെങ്കിലും പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.
ഇതിനിടെയാണ് തങ്ങൾ നിൽക്കേണ്ടത് മതനിരപേക്ഷ പക്ഷത്താണെന്ന് തിരിച്ചറിഞ്ഞ ഒരുകൂട്ടം പേർ സി.പി.എമ്മിൽ എത്തിയത്. ഇവരെടുത്ത തീരുമാനം കാലഘട്ടത്തിന് യോജിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ കെ.പി.അനിൽകുമാർ, ജി.രതികുമാർ, പി.എസ്. പ്രശാന്ത്, റോസക്കുട്ടി , സോളമൻ അലക്സ്, ഇല്ലിക്കൽ കുഞ്ഞുമോൻ,​ ബി.ജെ.പി വിട്ടെത്തിയ പി.കെ.നന്ദകുമാർ,എസ്. കൃഷ്ണകുമാർ, അനീഷ് കുമാർ.കെ, പ്രസാദ് എൻ.ഭാസ്‌കരൻ തുടങ്ങിയവരെ വിജയരാഘവൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു.