മെൻസ്ട്രൽ കപ്പുകൾ ഗെയിം ചേഞ്ചറെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സ്‌ത്രീകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കരുത്തേകുന്നതും പരിസ്ഥിതി സൗഹൃദവുമായ മെൻസ്‌ട്രൽ കപ്പുകൾ ഗെയിം ചേഞ്ചറാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 'തിങ്കൾ" ആർത്തവ കപ്പിന്റെ വിതരണവും ബോധവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എച്ച്.എൽ.എൽ ലൈഫ്‌കെയറിന്റെ വിദ്യാഭ്യാസ, സാമൂഹിക വികസനവിഭാഗമായ എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാഡമിയുടെ സംരംഭമാണ് 'തിങ്കൾ". തിരുവന്തപുരത്തെ വലിയതുറ, ശംഖുമുഖം, കവടിയാർ, പേരൂർക്കട എന്നിവിടങ്ങളിൽ പതിനായിരത്തോളം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് തിങ്കൾ പദ്ധതി നപ്പാക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള നൂതന പദ്ധതിയാണ് 'തിങ്കൾ" എന്ന് എംകപ്പ് ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്ത മന്ത്രി ആന്റണി രാജു പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എച്ച്.എൽ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബെജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, എച്ച്.എൽ.എൽ ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ.എ. സുബ്രമണ്യൻ, എച്ച്.എം.എ സി.ഇ.ഒ അനിത തമ്പി എന്നിവർ സംസാരിച്ചു.