ഡോ. കലാം സ്മൃതി ഇന്റർനാഷണൽ പുരസ്കാരം ടി.എസ്. കല്യാണരാമന്

Friday 08 October 2021 3:32 AM IST

തൃശൂർ: മികച്ച സംരംഭകനുള്ള ഡോ. കലാം സ്മൃതി ഇന്റർനാഷണൽ പുരസ്‌കാരത്തിന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ അർഹനായി. തൃശൂരിലെ ഒരുകടയിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമായി 148 ഷോറൂമുകളിലേക്ക് കല്യാൺ ജുവലേഴ്‌സിനെ വളർത്തിയ മികവിനാണ് പുരസ്‌കാരം.

തിരുവനന്തപുരത്ത് പുനലാൽ ഡെയ്ൽവ്യൂ കാമ്പസിൽ മുൻ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്‌ദുൽ കലാമിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഡോ. കലാം സ്മൃതി ഇന്റർനാഷണൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ മുഖമുദ്ര പതിപ്പിച്ച സംഘടനയാണ്.

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സുതാര്യവും ധാർമ്മികവുമായ ബിസിനസ് രീതികൾ തുടരാനും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്താനും ഇതു പ്രചോദനമാകുമെന്നും ടി.എസ്. കല്യാണരാമൻ പറഞ്ഞു.