നിയമസഭാ കൈയാങ്കളിക്കേസ് പ്രതികളുടെ വിടുതൽ ഹർജിയിൽ വിധി 13 ന്

Friday 08 October 2021 1:53 AM IST

തിരുവനന്തപുരം : നിയമസഭയിലെ കൈയാങ്കളിക്കേസിലെ പ്രതികളായ മന്ത്രിയുടെയും മുൻ സാമാജികരുടെയും വിടുതൽ ഹർജിയിൽ വിധി പറയുന്നത് കോടതി ഈ മാസം 13 ലേക്ക് മാറ്റി. ഹർജികളിൽ വിധി പറയാനിരുന്ന ഇന്നലെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ലീവായതിനാൽ സിറ്റിംഗ് ഉണ്ടായിരുന്നില്ല.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് എന്നീ ആറു പേരാണ് കേസിൽ വിചാരണ നേരിടുന്നവർ.

തങ്ങൾ മാത്രമല്ല മുൻമന്ത്രിമാരായ വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, തോമസ് എെസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ അടക്കമുളളവർ സ്പീക്കറുടെ ഡയസ്സിൽ കടന്നുകയറി അക്രമം കാണിച്ചതിനാൽ ആരാണ് യഥാർത്ഥ പ്രതികളെന്ന് അറിയില്ലെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. മാത്രമല്ല ദൃശ്യങ്ങൾ സാക്ഷ്യപത്രം ഇല്ലാതെ ഹാജരാക്കിയതുകൊണ്ട് ആധികാരികതയില്ലെന്നും വാദിച്ചു.

പതിവിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് പ്രശ്നമുണ്ടാക്കിയത് സഭയുടെ മേൽനോട്ടച്ചുമതലയുളളവർ തന്നെയായിരുന്നു. ഇത്രയധികം നിയമസഭാ സാമാജികർ ബഹളമുണ്ടാക്കിയിട്ടും പ്രതികളാക്കിയത് തങ്ങൾ ആറു പേരെ മാത്രമാണെന്നത് പൊലീസിന്റെ വീഴ്ചയായും പ്രതികൾ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ, പ്രഥമദൃഷ്ട്യാ കുറ്രക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വിചാരണ നേരിടാതെ മറ്റ് മാർഗ്ഗമില്ലെന്ന് സർക്കാരിനു വേണ്ടി ഡി.ഡി.പി ബാലചന്ദ്ര മേനോനും വാദിച്ചു.

ബാർ ക്കോഴക്കേസിൽ പ്രതിയായ കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടത് എം.എൽ.എമാർ സഭയിൽ കൈയാങ്കളി നടത്തിയത്. ഉദ്ദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം പ്രതികൾ വരുത്തിയെന്നാണ് കേസ്.

Advertisement
Advertisement