എൻജിനിയറിംഗ് സീറ്റുകൾ 46,324 ഓപ്ഷൻ 9വരെ

Friday 08 October 2021 2:07 AM IST

ആദ്യ അലോട്ട്മെന്റ് 11ന്

തിരുവനന്തപുരം: 145 കോളേജുകളിലായി ആകെ 46,324 എൻജിനിയറിംഗ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. എൻജിനിയറിംഗ് പഠനത്തിന് യോഗ്യത നേടിയവർ 47,629 പേർ. ഗവ. കോളേജുകളിൽ 3,622, എയ്ഡഡ് കോളേജുകളിൽ 2,966, സ്വാശ്രയ കോളേജുകളിൽ 31156, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 6,480, സ്വയംഭരണ കോളേജുകളിൽ 2,100 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. കഴിഞ്ഞ വർഷം 26,741 സീറ്റുകളിലേക്കാണ് എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തിയത്. മുൻവർഷം ശരാശരി 60 ശതമാനം പ്രവേശനമാണ് ഉണ്ടാവാറുള്ളത്. നിരവധി ആധുനിക കോഴ്സുകൾ ഇക്കൊല്ലം തുടങ്ങിയതിനാൽ പ്രവേശന നിരക്ക് കൂടും.

റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ ആദ്യ അലോട്ട്മെന്റിന് 9ന് വൈകിട്ട് നാലു വരെ ഓപ്ഷൻ നൽകാം. റാങ്ക് പട്ടിക വരും മുമ്പേ ഓപ്ഷനുകൾ നൽകിയവർക്ക് പുനഃക്രമീകരിക്കാൻ അവസരമുണ്ട്. പ്രവേശന പരീക്ഷാകമ്മിഷണറുടെ വിജ്ഞാപനം അനുസരിച്ച് 11ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് 12 മുതൽ 16 വരെ ഫീസടയ്ക്കാം. മ​റ്റ് അലോട്ട്മെന്റ് തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

"അലോട്ട്മെന്റ് നടപടികൾക്ക് സമയം നീട്ടി നൽകണമെന്ന് എ.ഐ.സി.ടി.ഇയോട് ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് ശേഷം സമയം നീട്ടണമെങ്കിൽ അവർക്ക് സുപ്രീംകോടതിയുടെ അനുമതി വേണം. "

ടി.വി. അനുപമ

എൻട്രൻസ് കമ്മിഷണർ