പേരാവൂർ തട്ടിപ്പ്: ചിട്ടി ആരംഭിച്ചത് പി ജയരാജൻ പറഞ്ഞിട്ടെന്ന് പി വി ഹരിദാസ്, നിയമനടപടിയെടുക്കുമെന്ന ഭീഷണി വന്നപ്പോൾ മലക്കം മറിഞ്ഞ് സൊസൈറ്റി സെക്രട്ടറി

Saturday 09 October 2021 12:39 PM IST

കണ്ണൂർ: പേരാവൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് സെക്രട്ടറി പി വി ഹരിദാസ്. എന്നാൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്ന പി വി ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയരാജൻ തിരിച്ചടിച്ചതോടെ നേരത്തെ പറഞ്ഞത് പിൻവലിക്കുകയാണെന്ന് ഹരിദാസ് വ്യക്തമാക്കി.

നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ ചിട്ടി നടത്തുന്നതിന് അനുമതി നൽകിയിരുന്നെന്ന് പി വി ഹരിദാസ് പറഞ്ഞിരുന്നു. ചിട്ടി നടത്തരുതെന്ന് വിലക്കിയതായുള്ള പാര്‍ട്ടിയുടെ വാദം തെറ്റാണെന്നും തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റ് ജീവനക്കാര്‍ ശ്രമിക്കുന്നതെന്നും ഹരിദാസ്‌ ആരോപിച്ചു. ചിട്ടി തട്ടിപ്പിന്റെ ഉത്തരവാദിത്തം സി പി എം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കാണ്. നടന്ന എല്ലാകാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ല. പാര്‍ട്ടി തനിക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ഹരിദാസ്‌ പറഞ്ഞിരുന്നു.

എന്നാൽ പേരാവൂർ സൊസൈറ്റിയിൽ ചിട്ടി നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും അനാവശ്യമായി തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും പറഞ്ഞ ജയരാജൻ ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇതിനെതുടർന്ന് ജയരാജൻ അനുമതി നൽകിയിട്ടില്ലെന്ന് മനസിലായെന്നും കേട്ടറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമർശമെന്നും നേരത്തെ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയാണെന്നും ഹരിദാസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Advertisement
Advertisement