തിരുവനന്തപുരം വിമാനത്താവളം വ്യാഴാഴ്ച അദാനി ഏറ്റെടുക്കും

Sunday 10 October 2021 12:38 AM IST

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യാഴാഴ്ച അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. അമ്പതു വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ്, പരിപാലനം, വികസനം, ഭൂമി എന്നിവയാണ് അദാനിക്ക് എയർപോർട്ട് അതോറിട്ടി കൈമാറുന്നത്. വിമാനത്താവളത്തിൽ കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി, എയർ ട്രാഫിക് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ നാവിഗേഷൻ സർവൈലൻസ് തുടങ്ങിയ സേവനങ്ങൾ എയർപോർട്ട് അതോറിട്ടിയും കേന്ദ്ര വ്യോമയാന മന്ത്രാലയവുമാണ് നൽകുന്നത്. ആരോഗ്യ സേവനങ്ങൾ, കാലാവസ്ഥാ നിരീക്ഷണം, ചെടികളെയും ജീവികളെയും സംരക്ഷിക്കൽ എന്നിവയെല്ലാം കേന്ദ്രത്തിന്റെ ചുമതലയിൽ തുടരും.

വിമാനത്താവള ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്ക് പരിചയസമ്പന്നരായ വിദേശകമ്പനിയെ അദാനി ചുമതലപ്പെടുത്തും. 2018 മുതൽ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ദുബായ് ആസ്ഥാനമായ ഫ്ലെമിംങ‌്‌‌‌ഗോയുമായി ചേർന്ന് തുറക്കാൻ അദാനി ഗ്രൂപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് യാത്രക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി. അതേസമയം, സുപ്രീംകോടതിയിൽ കേസുള്ളതിനാൽ കൈമാ​റ്റത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement