തിരു.വിമാനത്താവളം: അദാനി ഗ്രൂപ്പ് പ്രവർ‌ത്തനം തുടങ്ങി

Monday 11 October 2021 12:45 AM IST

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യാഴാഴ്ച ഏറ്റെടുക്കുന്നതിന് മുന്നോടിയായി

അദാനി ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (എ–ടിയാൽ) ചീഫ് എയർപോർട്ട് ഓഫീസർ ജി.മധുസൂദന റാവുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എയർപോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. എയർപോർട്ട് അതോറിട്ടിയിലെ ഉദ്യോഗസ്ഥർ 6 മാസം കൂടി അദാനി സംഘത്തോടൊപ്പം പ്രവർത്തിക്കും. എയർ ട്രാഫിക് കൺട്രോൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ചുമതലകൾ എയർപോർട്ട് അതോറിട്ടി തന്നെയാകും തുടർന്നും നിർവഹിക്കുക.

അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ വിമാനങ്ങളുടെ എണ്ണവും സർവീസും വർദ്ധിക്കും. അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടാവും. യാത്രാനിരക്ക് കുറയും. നിലവിൽ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇവിടെനിന്ന് ഡയറക്‌ട് സർവീസുകളില്ല. കൂടുതൽ വികസനത്തിനായി വിമാനത്താവളത്തിന് സമീപം സ്വകാര്യ വാണിജ്യ ഭൂമി ഏറ്റെടുക്കുന്നതും പരിഗണനയിലാണ്. ടെർമിനലിൽ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങളും ഏർപ്പെടുത്തും. സെക്യൂരിറ്റി ഏരിയയിലെ കടകൾ വിസ്‌തൃതമാക്കി വരുമാനം കൂട്ടാനും അദാനിഗ്രൂപ്പിന് പദ്ധതിയുണ്ട്.