"കൃഷി ഗീത " ശില്പശാല ഇന്ന്, മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

Monday 11 October 2021 12:47 AM IST

തിരുവനന്തപുരം: പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കർഷകരെയും, വിദഗ്ദ്ധരെയും, ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ശില്പശാല - "കൃഷി ഗീത " ഇന്ന് ആനയറ സമേതിയിൽ ആരംഭിക്കും,മന്ത്രി പി. പ്രസാദ് രാവിലെ 10 ന് ഉദ്ഘാടനം നിർവ്വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അദ്ധ്യക്ഷത വഹിക്കും. ശില്പശാലയുടെ ആദ്യദിനം 13ാം പഞ്ചവത്സര പദ്ധതിയിലെ കൃഷി വകുപ്പ് പ്രവർത്തന നേട്ടങ്ങളുടെ അവലോകനവും, അടുത്ത 5 വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള ആശയ രൂപികരണവും ഉണ്ടാകും. നവ കേരളവും കാർഷിക മേഖലയും എന്ന വിഷയത്തിൽ മുൻ കൃഷിവകുപ്പ് മന്ത്രിമാരായിരുന്ന മുല്ലക്കര രത്‌നാകരൻ, വി. എസ്. സുനിൽകുമാർ, കെ. പി. മോഹനൻ, മുൻ ചീഫ് സെക്രട്ടറിമാരായിരുന്ന കെ. ജയകുമാർ , എസ്. എം. വിജയാനന്ദ് എന്നിവർ സംസാരിക്കും. രണ്ടാംദിനം വിവിധ വിഷയങ്ങളിൻ മേൽ ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചർച്ചയും വിഷയാവതരണവും ആയിരിക്കും നടക്കും. ഓരോ ഗ്രൂപ്പിലും കാർഷിക വിദഗ്ദ്ധർ, വിവിധ ജില്ലകളിൽ നിന്നുള്ള കർഷക, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ ഉണ്ടാകും.
ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ വിദഗ്ദ്ധസമിതി മുമ്പാകെ അവതരിപ്പിക്കുകയും കൃഷിമന്ത്രിക്ക് കൈമാറുകയും ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾക്കും കൊവിഡ് മഹാമാരിക്കും ശേഷം അതിജീവിതത്തിനായി പൊരുതുന്ന കാർഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം.

Advertisement
Advertisement