മുഖ്യമന്ത്രിയുടെ അഭിമാന പദ്ധതി കെ-റെയിലിനോട് സമീപവാസികളുടെ പ്രതികരണം, റിപ്പോർട്ട് പുറത്ത്

Monday 11 October 2021 11:48 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമാന പദ്ധതിയായ കെ-റെയിലിനോട് സമീപവാസികൾക്കുള്ള അഭിപ്രായം വ്യക്തമാക്കിയ റിപ്പോർട്ട് പുറത്ത്. കെ-റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രദേശവാസികൾക്കിടയിലാണ് പരിസ്ഥിതി ആഘാതപഠനം നടത്തിയത്. 64.9 ശതമാനം പേരും പദ്ധതിയെ അനുകൂലിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിൽവർ ലൈൻ പാത കടന്നുപോകുന്നതിന്റെ 30 മീറ്ററിനുള്ളിലാണ് പഠനം നടത്തിയത്. 20 ശതമാനം പേർ പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇവർക്കുള്ളത്. എന്നാൽ, കെ-റെയിൽ യാഥാർത്ഥ്യമായാൽ തങ്ങളുടെ യാത്രദുരിതം മാറുമെന്ന പ്രതീക്ഷയും ഇവർ പങ്കുവച്ചു.

പാരിസ്ഥിതിക പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കികൊണ്ട് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനൊപ്പം നഷ്‌ടമാകുന്ന മരങ്ങൾക്ക് പകരം തൈകൾ വച്ചുപിടിപ്പിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.

കെ റെയിൽ പദ്ധതിയെ യു.ഡി.എഫ് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണെന്നും കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

അതേസമയം,പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്ളിക്ക് ഹിയറിംഗ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായിരുന്നു