പൊലീസ് സ്‌റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് 30,000 വാഹനങ്ങൾ

Monday 11 October 2021 2:04 PM IST

തിരുവനന്തപുരം: സാർ, പിടിച്ചെടുത്ത ഈ വാഹനം ഇനി എന്ന് തിരിച്ചുകിട്ടും. അടുത്ത കാലത്തെങ്ങാനും വണ്ടി എനിക്ക് കിട്ടുമോ? നഗരത്തിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ ഉത്തരവാദപ്പെട്ട പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനോട് അടുത്തിടെ ഒരു യുവാവ് ദൈന്യതയോടെ ചോദിച്ചതാണിത്. ആയിരക്കണക്കിന് പേർ ഇത്തരത്തിൽ ചോദിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു ഉത്തരം ആർക്കും ലഭിച്ച ചരിത്രമില്ല. ഇങ്ങനെ കേസുകളിലും അപകടങ്ങളിലും പെട്ട് പൊലീസ് കസ്‌റ്റഡിയിലെടുത്ത ആയിരക്കണക്കിന് വാഹനങ്ങളാണ് പൊലീസ് സ്‌റ്റേഷൻ വളപ്പിലും റോഡരികിലുമായി വെയിലും മഴയുമേറ്റ് തുരുമ്പെടുക്കുന്നത്.

 സംഖ്യചെറുതല്ല

ഏതാണ്ട് 30,​ 229 വാഹനങ്ങളാണ് സംസ്ഥാനത്താകെ പൊലീസ് സ്‌റ്റേഷനുകളിലായി തുരമ്പെടുത്ത് നശിക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കിൽ പറയുന്നു. ചാരായം വാറ്റ്,​ കടത്ത്,​ ലഹരിക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് കസ്‌റ്റഡിയിലെടുത്ത വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബസ്, ജീപ്പ്, കാർ, ഇരുചക്രവാഹനങ്ങൾ, ടിപ്പർ, ടെമ്പോ ട്രാവലർ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. കേസുണ്ടാകുമെന്ന് മനസിലാക്കി ബുദ്ധിമാന്മാരായ പ്രതികൾ മനഃപൂർവം ഉപയോഗിക്കുന്ന വാഹനങ്ങളും പട്ടികയിലുണ്ട്. ഇവ തുരുമ്പെടുക്കുന്നത് കൂടാതെ പരിസ്ഥിതിക്കും വലിയൊരു ഭീഷണിയായി മാറുന്നുണ്ട്.

 ചുവപ്പ് നാടയിൽ കുരുങ്ങി...


പലവിധ കേസുകളിൽ പിടിക്കപ്പെട്ട് വർഷങ്ങളായി സ്‌റ്റേഷനുകൾക്ക് മുന്നിൽ സ്‌മാരകങ്ങളായി കിടക്കുന്ന വാഹനങ്ങളുണ്ട്. കേസുകൾ തീർപ്പാകുന്നതിലുള്ള കാലതാമസമോ,​ നിയമവിരുദ്ധമായി ഉപയോഗിച്ച വാഹനത്തിന്റെ രേഖകൾ ഹാജരാക്കി തിരിച്ചു കൊണ്ടുപോകാൻ ഉടമസ്ഥൻ തയ്യാറാകാത്തതോ ആണ് ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കുന്നത്. അടുത്തിടെ നടന്ന ആഭ്യന്തര,​ നികുതി,​ വനം വകുപ്പുകളുടെ യോഗത്തിൽ അവതരിപ്പിച്ച കണക്ക് പ്രകാരം അബ്കാരി നിയമപ്രകാരം എക്സൈസ് പിടികൂടിയ 1059 വാഹനങ്ങളും വനം വകുപ്പ് പിടികൂടിയ 100 വാഹനങ്ങളും ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. ഉടമസ്ഥർ വരാത്തതോ,​ ഫസ്‌റ്റ് അല്ലെങ്കി​ൽ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്തതോ ആയ വാഹനങ്ങൾ ലേലം ചെയ്യാൻ സർക്കാരിന് കഴിയും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ലേലം. ഒഡിഷ സർക്കാരും സമാന രീതിയിലുള്ള ലേല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നശിക്കുന്നതിന് മുമ്പ് വേഗത്തിൽ വിട്ടുനൽകണമെന്ന് ഡി.ജി.പി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. വാഹനം പിടിച്ചെടുത്താൽ രണ്ടാഴ്‌ചയ്‌ക്കകം ഫോട്ടോയെടുത്ത് ബന്ധപ്പെട്ടവരെക്കണ്ട് നടപടി പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു. കോടതി നിർദ്ദേശിച്ചാൽ രണ്ട് മാസത്തിനകം വാഹനങ്ങൾ വിട്ടുകൊടുക്കണം,​ ലേലത്തിൽ വിൽക്കാനാണ് കോടതി നിർദേശിക്കുന്നതെങ്കിൽ രണ്ടാഴ്‌ചയ്‌ക്കകം നടപടി തുടങ്ങി ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചെങ്കിലും അതൊന്നും നടപ്പായില്ലെന്ന് മാത്രം. കേസ് അനുകൂലമായാലും ഈ വാഹനങ്ങൾ തിരികെ ലഭിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഉണ്ടാകുന്നില്ല എന്നതും തിരിച്ചടിയാണ്. കാരണം,​ കേസിൽപ്പെട്ട വാഹനങ്ങളിൽനിന്ന് ടയർ, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങിയവ മോഷണം പോയിട്ടുണ്ടാകും. ഇതോടെ ഒരു ഉടമസ്ഥനും നഷ്ടം സഹിച്ച് തിരിച്ചെടുക്കാൻ തയ്യാറാകില്ല. ഇനി തിരിച്ചെടുത്താൽ പോലും വാഹനം നിരത്തിലിറക്കണമെങ്കിൽ വൻ തുക ചെലവിടേണ്ടിയും വരും.

 ലേലം ഇങ്ങനെ...

പൊലീസ് കസ്‌റ്റഡിയിൽ 10 വർഷം കഴിഞ്ഞാൽ വാഹനത്തിന് ഇരുമ്പുവില മാത്രമാണ് നിശ്ചയിക്കുക. ആദ്യതവണ ലേലത്തിന് ആരും എത്തിയില്ലെങ്കിൽ 10 ശതമാനം കുറച്ച് വീണ്ടും ലേലം നടത്തണം. രണ്ടാമതും ആരുമില്ലെങ്കിൽ ഇരുമ്പുവിലയ്ക്ക് വിൽക്കാം. ഉടമസ്ഥനില്ലാതെ പൊതുവഴിയിലും മറ്റും കാണുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്താൽ കേസ് ജില്ലാ പൊലീസ് മേധാവിയുടെയോ കമ്മിഷണറുടെയോ മുമ്പാകെ എത്തിക്കണം. അവകാശികൾക്കായി പരസ്യം ചെയ്യണം. മൂന്നു മാസത്തിനകം അവകാശി എത്തിയാൽ തിരിച്ച് നൽകണമെന്നുമാണ് വ്യവസ്ഥ.

 പൊളിക്കൽ തന്നെ ശരണം

കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന പൊളിക്കൽ നയമാണ് ഈ പ്രശ്നത്തിനുള്ള ഏക പോംവഴിയെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ഈ നിയമം അനുസരിച്ച് 10 വർഷം കഴിഞ്ഞ വാഹനങ്ങളെല്ലാം പൊളിച്ച് വിൽക്കാവുന്നതാണ്.

Advertisement
Advertisement