പാചകവാതകത്തിന് പി​ന്നാ​ലെ​ ​പ​ച്ച​ക്ക​റി​ ​വി​ല​യും​ ​ഉ​യ​രു​ന്നു

Tuesday 12 October 2021 12:32 AM IST
അട്ടപ്പാടി കോട്ടത്തറയിലെ ഒരു പച്ചക്കറി വിൽപ്പനശാല.

പാലക്കാട്: ഇന്ധന, പാചക വാതക വിലയ്കൊപ്പം പച്ചക്കറിക്കും വിലകൂടിയതോടെ സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു. പാചക വാതകത്തിന് മാസംതോറും വർദ്ധിക്കുന്ന വില കുടുംബ ബഡ്ജറ്റിന് താളം തെറ്റിക്കുന്നതിനിടെയാണ് നിലവിൽ പച്ചക്കറികൾക്കും അപ്രതീക്ഷിതമായി വില ഉയർന്നത്. ഒരാഴ്ചക്കിടെ പച്ചക്കറിവില ഇരട്ടിയായി. ഡീസൽ വില വർദ്ധനവ് കൂടിയതോടെ ഗതാഗത ചെലവ് കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്. സവാള, ചെറിയ ഉള്ളി എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 22 രൂപ ഉണ്ടായിരുന്ന സവാള ഇന്നലെ 44 രൂപയാണ് വില. പത്ത് രൂപയുണ്ടായിരുന്ന തക്കാളിക്ക് 42 രൂപയുമാണ് വില. മറ്റു പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. ഇന്ധനവില വർദ്ധനവിനു പുറമെ മഴമൂലം പച്ചക്കറികൃഷി നശിച്ചതും വില കൂടാൻ ഇടയാക്കിയിട്ടുണ്ട്.

  • പച്ചക്കറി- കഴിഞ്ഞ ആഴ്ചയിലെ വില- ഇന്നലത്തെ വില

.സവാള- 22- 44 .തക്കാളി- 10- 42 .പച്ചമുളക്- 25- 40 .മുരിങ്ങക്കായ- 35- 80 .ഉരുളകിഴങ്ങ്- 22- 30 .കാരറ്റ്- 35- 45 .ബീൻസ്- 30- 45 .ചെറി ഉള്ളി- 25- 38 .പാവയ്ക്ക- 40- 50 .വെണ്ടയ്ക്ക- 35- 45

നവരാത്രി പൂജയോടനുബന്ധിച്ച് വില ഇനിയും ഉയരാനാണ് സാദ്ധ്യത. സാധാരണഗതിയിൽ പൂജസമയത്ത് പച്ചക്കറികൾക്ക് നല്ല ചെലവാണ് ഉണ്ടാകുക. വില കൂടിയതോടെ പലരും വാങ്ങുന്ന പച്ചക്കറികളുടെ അളവ് കുറയ്ക്കുന്ന അവസ്ഥയാണ്.

- സന്തോഷ്, പച്ചക്കറി വ്യാപാരി

പച്ചക്കറി നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാധനമായതിനാൽ വില ഉയർന്നാലും വാങ്ങാതിരിക്കാൻ കഴിയില്ല. നിത്യോപയോഗ സാധനങ്ങൾക്ക് ദിനംപ്രതി ഇത്തരത്തിൽ വില ഉയരുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

- സരോജനി, വീട്ടമ്മ