ബിൽ ചർച്ച: സമയ നിയന്ത്രണം ഏർപ്പെടുത്തി സ്പീക്കർ

Tuesday 12 October 2021 12:00 AM IST

തിരുവനന്തപുരം: നിയമസഭയിലെ ബിൽ ചർച്ചകൾ നിയന്ത്രണമില്ലാതെ നീളുന്നത് ഒഴിവാക്കാൻ ഓരോ ദിവസത്തെയും അവസ്ഥ പരിഗണിച്ച് സമയക്രമീകരണം ഏർപ്പെടുത്തി സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്. സഭാ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാനുള്ള അംഗങ്ങളുടെ അവകാശങ്ങളെയും അവസരങ്ങളെയും പരമാവധി സംരക്ഷിക്കുന്ന തരത്തിൽ ഇത് നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ വ്യക്തമാക്കി.

നിയമ നിർമ്മാണ വേളയിലെ ചർച്ചകൾ ബില്ലിന്റെ തത്വത്തിൽ ഒതുങ്ങി നിൽക്കണമെന്നും സമയക്രമം പാലിക്കണമെന്നുമുള്ള വ്യവസ്ഥകൾ സഭാ ചട്ടങ്ങളുടെ ഭാഗമാണ്. എന്നാലിത് നിരന്തരം ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്.

കൂടുതൽ ബില്ലുകൾ പരിഗണിക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ ചർച്ചകൾ നീണ്ടു പോകുന്നത് ഒഴിവാക്കേണ്ടതാണെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായമെന്ന് സ്പീക്കർ പറഞ്ഞു. സഭയുടെ കൂട്ടായ അഭിപ്രായം പരിഗണിച്ചാണ് നിയമനിർമ്മാണ വേളയിൽ ഓരോ ബില്ലിന്റെയും പരിഗണനയ്ക്ക് നീക്കിവയ്ക്കാവുന്ന സമയത്തിന് കാര്യപരിപാടി നോക്കി സമയക്രമം നിശ്ചയിക്കുന്നത്. യുക്തമായ സമയ നിയന്ത്രണം ഏർപ്പെടുത്താൻ സഭാനടപടിച്ചട്ടം സ്പീക്കർക്ക് അധികാരം നൽകുന്നുണ്ട്.

Advertisement
Advertisement