ഇനി കൗണ്ട് ഡൗൺ, വിഴിഞ്ഞം തുറമുഖം അടുത്ത നവംബറിൽ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി

Tuesday 12 October 2021 12:00 AM IST

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി അടുത്ത നവംബറിൽ കമ്മിഷൻ ചെയ്യുമെന്ന് മന്ത്റി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ പറഞ്ഞു. പദ്ധതി പൂർത്തിയാക്കുന്നതിനായി ഇനി കൗണ്ട് ഡൗൺ തുടങ്ങും. നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചു നൽകാൻ വിസിലിനോട് (വിഴിഞ്ഞം ഇന്റർ നാഷണൽ സീ പോർട്ട് ലിമി​റ്റഡ്) നിർദ്ദേശിച്ചതായും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി മന്ത്റി പറഞ്ഞു.

പുലിമുട്ട് നിർമ്മാണത്തിനാവശ്യമായ പാറ എത്തിക്കുന്നതിൽ നിർമ്മാണ കമ്പനിക്കു വീഴ്ചയുണ്ടായതാണു തുറമുഖ നിർമാണം വൈകാൻ കാരണമായത്. കരാർ കമ്പനിയാണ് പാറ എത്തിക്കേണ്ടത്. തമിഴ്നാടുമായി മന്ത്റിതല ചർച്ച നടത്തി പാറ എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 13 ലക്ഷം ടൺ പാറയാണ് എത്തിക്കാനായത്. ഓഖിയും കൊവിഡ് ലോക്ക്‌ഡൗണുമൊക്കെ തുറമുഖ നിർമാണത്തിനു വിലങ്ങുതടിയായതായാണ് കമ്പനി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചത്. മത്സ്യത്തൊഴിലാളി പുനരധിവാസത്തിനായി ആർ.ഡി.ഒ ചെയർമാനായ സമിതിയും കളക്ടർ അദ്ധ്യക്ഷയായ അപ്പീൽ കമ്മി​റ്റിയുമുണ്ട്. ഇതുവരെ 100 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിച്ചതായും മന്ത്റി പറഞ്ഞു.

സർക്കാരിന്റെ അനാസ്ഥ മൂലം പണിതിട്ടും പണിതിട്ടും തീരാത്ത വീടായി തുറമുഖ നിർമാണം മാറിയതായി അടിയന്തര പ്രമേയ അവതരണത്തിന് നോട്ടീസ് നൽകിയ എം. വിൻസന്റ് ആരോപിച്ചു. 2019 നവംബറിൽ പൂർത്തിയാകേണ്ട പദ്ധതി രണ്ടു വർഷത്തോളം കഴിഞ്ഞിട്ടും വേഗത്തിൽ പൂർത്തിയാക്കുമെന്നാണു സർക്കാർ പറയുന്നത്. പാറ ലഭ്യമാക്കാൻ തമിഴ്നാട് സർക്കാരുമായി മന്ത്റി ഒരുമാസം മുൻപു മാത്രമാണു ബന്ധപ്പെട്ടതെന്നും വിൻസന്റ് ആരോപിച്ചു.

പദ്ധതിനടത്തിപ്പ് അദാനിക്ക് വിട്ടുകൊടുത്ത് സർക്കാർ നോക്കുകുത്തിയായെന്നും ഈ രീതിയിൽ മുന്നോട്ടുപോയാൽ പത്തുവർഷം കഴിഞ്ഞാലും പദ്ധതി പൂർത്തിയാവില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. 75ലക്ഷം ടൺ പാറ വേണ്ടിടത്ത് 13ലക്ഷം ടൺ മാത്രമാണ് എത്തിക്കാനായത്. പുലിമുട്ടിന്റെ നാലിലൊന്ന് മാത്രമാണ് നിർമ്മിച്ചത്. പദ്ധതിപ്രദേശത്തേക്കുള്ള റെയിൽവേ ലൈനിന് അനുമതി പോലുമായില്ല. പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം. അദാനിയെക്കൊണ്ട് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കണം. ഇല്ലെങ്കിൽ കരാർ വ്യവസ്ഥ പ്രകാരം പ്രതിദിനം 12ലക്ഷം പിഴയീടാക്കണമെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement