ജലനിരപ്പ് ഉയരുന്നു ; അപ്പർകുട്ടനാട്ടിൽ ആശങ്ക

Tuesday 12 October 2021 12:53 AM IST
പെരിങ്ങര - കാരയ്ക്കൽ റോഡിലെ വെള്ളക്കെട്ട്

തിരുവല്ല: കനത്ത മഴയെ തുടർന്ന് പമ്പ - മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ അപ്പർ കുട്ടനാടൻ മേഖലയിൽ ആശങ്കയേറുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നതാണ് ആശങ്കയ്ക്ക് കാരണം. വരുംദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ കനത്തമഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ഭീതിയിലാണ്. പെയ്ത നദികൾ നിറഞ്ഞുകിടക്കുന്നതിനാൽ മഴ വീണ്ടും ശക്തിപ്പെട്ടാൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മേപ്രാൽ, ചാത്തങ്കരി, കഴുപ്പിൽ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞു. പെരിങ്ങര, നിരണം എന്നീ പഞ്ചായത്തുകളിലെ ചില ഗ്രാമീണ റോഡുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നെൽകൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ മഴ ശക്തിപ്പെട്ടത് കർഷകർക്കും ദുരിതമായിരിക്കുകയാണ്. വെള്ളമിറങ്ങിയശേഷം വീണ്ടും നിലമൊരുക്കേണ്ടതിനാൽ വിത്ത് വിതയ്ക്കൽ വൈകുമോയെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ വെളളപ്പൊക്കം അടക്കമുള്ള പ്രതിസന്ധികളെ നേരിടുന്നതിനുള്ള മുന്നൊരുക്കൾ താലൂക്കിൽ സജ്ജമാക്കി

പി. ജോൺ വർഗീസ്,

തഹസിൽദാർ