വൈദ്യുതി പ്രതിസന്ധി,​ സംസ്ഥാനത്ത് ലോഡ്‌ ഷെഡിംഗ് തത്കാലമില്ല

Tuesday 12 October 2021 12:04 AM IST

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അടക്കമുള്ള വൈദ്യുതി നിയന്ത്രണം തത്ക്കാലമില്ല. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകാനുള്ള നടപടി സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ അറിയിച്ച സാഹചര്യത്തിൽ, 19 വരെ ലോഡ്‌ഷെഡിംഗ് ഏർപ്പെടുത്തില്ലെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് ഉന്നതതല യോഗം ചേർന്ന് തീരുമാനമെടുക്കും.

കൽക്കരി ക്ഷാമത്തെത്തുടർന്ന് താപ വൈദ്യുതി നിലയങ്ങളിൽ നിന്നു വൈദ്യുതി എത്തിക്കാനാകാത്തതിനാൽ ,ലഭിക്കുന്ന വൈദ്യുതിയിൽ 100 മെഗാവാട്ടിന്റെ വരെ കുറവാണുള്ളത്. പൊതു ഒഴിവു ദിവസങ്ങൾ വരുന്നതിനാൽ 19 വരെ വൈദ്യുതി ഉപയോഗം കുറയുമെന്നാണ് വൈദ്യുതി ബോർഡ് പ്രതീക്ഷിക്കുന്നത്. മഴ മൂലം താപനില കുറഞ്ഞതിനാൽ വൈദ്യുതി ഉപയോഗത്തിൽ നേരത്തെ മുതൽ കുറവുണ്ട്. വൈദ്യുതി ലഭ്യതയിൽ 400 മെഗാവാട്ട് വരെ കുറവുണ്ടായാൽ ചെറിയ തോതിലുള്ള നിയന്ത്രണങ്ങളിലൂടെ പവർകട്ടോ, ലോഡ് ഷെഡിംഗോ ഇല്ലാതെ മുന്നോട്ടു പോകാം. യൂണി​റ്റിന് 20 രൂപ വരെ നൽകി 100- 200 മെഗാവാട്ട് വാങ്ങുന്നതു പലപ്പോഴും ആവശ്യത്തിനു ലഭ്യമല്ല. നിത്യേന 2 കോടിയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ബോർഡിനുണ്ടാകുന്നത്. നിലവിലെ രീതിയിൽ പുറത്തു നിന്നു വൈദ്യുതി ലഭിച്ചാൽ, ലോഡ് ഷെഡിംഗ് ഇല്ലാതെ 19 വരെ പോകാം. മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ വൈദ്യുതി ബോർഡ് ചെയർമാൻ ഡോ.ബി.അശോക് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.